| Saturday, 31st August 2019, 9:43 am

'കാവല്‍ക്കാരന്‍ കള്ളനാണ്' പരാമര്‍ശം; രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതിയുടെ നോട്ടീസ്. ഒക്ടോബര്‍ 3 ന് രാഹുല്‍ ഗിര്‍ഗോം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാലിന്റെ ഹരജിയിലാണ് കോടതി നടപടി. റഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാജസ്ഥാനില്‍ സെപ്തംബറില്‍ നടന്ന റാലിയ്ക്കിടെയാണ് രാഹുല്‍, മോദിയുടെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന പ്രയോഗത്തെ പരിഹസിച്ച് രംഗത്തെത്തിയത്.

‘മോദിജി പറയുന്നത് ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് എന്നാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തില്‍ നിന്നുയരുന്നത് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന ശബ്ദമാണ്.’

പ്രധാനമന്ത്രിയെ പരിഹസിച്ചെന്നും അദ്ദേഹത്തിന്റെ പദവിയെ ബഹുമാനിച്ചില്ലെന്നുമാണ് പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more