ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 20 വരെ നീട്ടാന്‍ കര്‍ക്കാര്‍ദുമ കോടതി ഉത്തരവിട്ടു.
നിയമാനുസൃതം ഇരുവരെയും അവരുടെ സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും തിഹാര്‍ ജയിലിലെ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി.
പൊലീസ് തന്നെ സെല്ലിനകത്തു നിന്ന് പുറത്തിറങ്ങാനോ ഒരാളെ പോലും കാണാനോ അനുവദിച്ചില്ലെന്ന് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സുരക്ഷ എന്നു പറയുന്നത് ഇതുപോലെ ശിക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അഡീഷണല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്നും എല്ലായ്‌പ്പോഴും സെല്ലില്‍ ഒതുങ്ങിനില്‍ക്കാനുള്ള ഉത്തരവ് കാരണം ശാരീരികവും മാനസികവുമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും ഉമര്‍ ഖാലിദ് കോടതിയെ ബോധിപ്പിച്ചിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ സെപ്റ്റംബര്‍ 13നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
കുടുംബാംഗങ്ങളെ കാണണമെന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി നേരത്തെ ദല്‍ഹി കോടതി തള്ളിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക