ഇന്ത്യന്‍ പൗരന്‍ എന്നതിലുപരി ഒരു മുസ്ലിം വിദ്യാര്‍ത്ഥിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: ഉമര്‍ ഖാലിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തുടച്ചുമാറ്റപ്പെടുമെന്ന് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. ഇതിന്റെ സൂചനകള്‍ രാജ്യത്ത് കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കെ.എല്‍.എഫ് വേദിയില്‍ “യൂത്ത് അണ്‍റെസ്റ്റ് ഇന്‍ ഇന്ത്യ” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ അതിജീവിച്ച കേരളത്തിനും ഹാദിയക്കും ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചാണ് ഉമര്‍ ഖാലിദ് സംസാരിച്ചു തുടങ്ങിയത്.

“ഉന്നത സര്‍വകലാശാലകള്‍ ഇവിടുത്തെ ദളിതര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതല്ല എന്ന് സ്ഥാപിക്കാനാണ് രോഹിത് വെമുല, നജീബ് സംഭവങ്ങളിലൂടെ സംഘപരിവാര്‍ ശ്രമിച്ചത്. നിങ്ങള്‍ സ്വത്വം ഉപേക്ഷിച്ചാലും അത് നിങ്ങളെ വേട്ടയാടും. അതാണ് ഇന്നത്തെ ഇന്ത്യ.”

ഒരു ശരാശരി ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സ്വയം മനസിലാക്കിയതിന് അപ്പുറം ഒരു മുസ്ലിം വിദ്യാര്‍ത്ഥിയാണ് എന്ന് തന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷത്തിനിടക്ക് മാധ്യമങ്ങളെ കാണാന്‍ തയ്യാറാകാത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും ഉമര്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

“ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്താനോ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടോ കര്‍ഷകരോടൊ സംസാരിക്കാനോ തയ്യാറാകാത്ത. കോര്‍പ്പറേറ്റ് സംവിധാനങ്ങളോട് മാത്രം സംസാരിക്കാന്‍ തയ്യാറാകുന്ന ഒരു പ്രധാനമന്ത്രിക്ക് ഈ രാജ്യത്ത് തുടരാന്‍ സാധിക്കില്ല”.- ഉമര്‍ ഖാലിദ് പറഞ്ഞു.