ഓരോ പ്രസംഗത്തിന് മുന്‍പും വിറക്കുന്ന ഉമറിനെ നിങ്ങള്‍ക്കറിയുമോ: ഉമര്‍ ഖാലിദിന്റെ ജീവിതപങ്കാളി ബനോജ്യോത്സന ലാഹിരി എഴുതുന്നു
DISCOURSE
ഓരോ പ്രസംഗത്തിന് മുന്‍പും വിറക്കുന്ന ഉമറിനെ നിങ്ങള്‍ക്കറിയുമോ: ഉമര്‍ ഖാലിദിന്റെ ജീവിതപങ്കാളി ബനോജ്യോത്സന ലാഹിരി എഴുതുന്നു
ബനോജ്യോത്സന ലാഹിരി
Tuesday, 22nd September 2020, 2:57 pm

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം, എന്റെയും ഉമര്‍ ഖാലിദിന്റെയും ഒരു ദിവസം തുടങ്ങിയത് അമിത് മാളവ്യയുടെ ഒരു ട്വീറ്റ് കണ്ടുകൊണ്ടായിരുന്നു. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ 20 മിനിറ്റ് പ്രസംഗത്തില്‍ നിന്നും 30 സെക്കന്റ് എടുത്തായിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. അന്നേ ഞങ്ങള്‍ക്കറിയാമായിരുന്നു ഇത് മറ്റൊരു കൊടുങ്കാറ്റിന്റെ പടയൊരുക്കമാണെന്ന്, പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയെല്ലാം ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി അക്രമത്തിന്റെ ആസൂത്രകരായി ചിത്രീകരിക്കുന്ന കൊടുങ്കാറ്റിന്റെ…

മനസ്സില്‍ ഉത്കണ്ഠയും ദേഷ്യവും ആശങ്കയും സംശയവും എല്ലാം കൂടിക്കലര്‍ന്നുനിന്നു. പക്ഷെ 2016 മുതലുള്ള ഞങ്ങളുടെ ജീവിതം ഏകദേശം ഇതേ അവസ്ഥയില്‍ തന്നെയാണ്. അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടത്തിന് കീഴിലുള്ള ജീവിതമെന്നാല്‍ നമ്മെക്കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയുക എന്നതാണ്. രാവിലെ എണീറ്റുനോക്കുമ്പോള്‍ കാണാം നിങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കും, അതിശയത്തോടെ സ്വയം ചോദിച്ചുപോകും, ‘അല്ലാ, എന്താ ഇവിടെ സംഭവിച്ചത്?’

2016ല്‍ തുടങ്ങിയ ഈ അസംബന്ധ നാടകം എന്നുമുതലാണ് തികച്ചും സ്വാഭാവികമായ ഒരു കാര്യം പോലെയായി തീര്‍ന്നതെന്ന് എനിക്ക് കൃത്യം ഓര്‍ത്തെടുക്കാനാവുന്നില്ല. ഉപ്പൂറ്റിയിലെ വ്രണം പോലെയാണത്. ചിലപ്പോള്‍ അത് അവിടെ ഉണ്ടെന്നേ അറിയില്ല, മറ്റു ചിലപ്പോള്‍ കുത്തിതുളക്കുന്ന വേദന തോന്നും. ഒരു പക്ഷെ ഒരു ദിവസം ഈ വ്രണം അഴുകിചീഞ്ഞ് നിങ്ങളുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതുപോലെ തന്നെ ഒരുപക്ഷെ ഇത് സ്വയം ഭേദമാവുകയും ചെയ്യാം. ഒന്നും പറയാനാകില്ല. (എന്നെങ്കിലും ഒരു ദിവസം ഇതിനുള്ള ഒറ്റമൂലി കണ്ടെത്തിയേക്കാം)

എന്നും ഉമറിനൊപ്പം

ഉമര്‍ ഖാലിദിനൊപ്പം ഇത്രയും നാള്‍ ചെലവഴിച്ചതിലൂടെ അവന്റെ മുറിവുകള്‍ എന്റേതുമായി കഴിഞ്ഞു. വേദനയും ചില ഇടക്കാല ആശ്വാസങ്ങളുമൊക്കെ ഞങ്ങള്‍ ഒന്നിച്ചു പങ്കുവെച്ചു. പലപ്പോഴും ആ ആശ്വാസത്തിന്റെ നിമിഷങ്ങളില്‍ നിന്നും വേദനയിലേക്ക് ഞങ്ങള്‍ വലിച്ചെറിയപ്പെട്ടു.

ഉമറിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഞാന്‍ അവനോടൊപ്പമുണ്ടായിരുന്നു. ടെലിവിഷന്‍ അവതാരകരും ട്വിറ്റര്‍ ട്രോളുകളും പടച്ചുവിട്ട ഗൂഢാലോചന തിയറികള്‍ക്കെതിരെ അവന്‍ പോരാടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജെ.എന്‍.യു സംഭവം, രാംജാസ് അക്രമം, ഭീമ കൊറേഗാവ് അക്രമത്തിന് മുന്‍പേ നടന്ന എല്‍ഗാര്‍ പരിഷദ് യോഗം, ഇപ്പോള്‍ ഇതാ ദല്‍ഹി കലാപവും. ഈ ഓരോ സമയങ്ങളും വലിയ മാനസിക സംഘര്‍ഷം തന്നെ ഞങ്ങളില്‍ സൃഷ്ടിച്ചിരുന്നു. പക്ഷെ എല്ലാത്തിനെയും ഞങ്ങള്‍ അതിജീവിച്ചു.

ചിലരെല്ലാം ഉമര്‍ ഖാലിദില്‍ ‘ഹീറോയിസം’ മാത്രമാണ് കാണുന്നത്. പക്ഷെ ഓരോ തവണയും വിദ്വേഷത്തിന്റെ തിര ഉയരുമ്പോഴും അത് നിങ്ങളില്‍ നിന്ന് ചിലതെല്ലാം അടര്‍ത്തിയെടുത്തു കൊണ്ടുപോകും, നിങ്ങളെ തന്നെ മാറ്റിക്കളയും. അറ്റം കാണാത്ത കടലില്‍ ഒന്നിനുപുറകെ ഒന്നായി വരുന്ന തിരമാലകളോട് പോരാടിക്കും പോലെയാണത്. (ഉറക്കമില്ലാത്ത രാത്രികളും വായില്‍ ഊറിയിറങ്ങുന്ന പുളിച്ചുതികട്ടലിന്റെ മനംമടുപ്പിക്കുന്ന രുചിയും നിറഞ്ഞ പോരാട്ടങ്ങള്‍)

ഓരോ പ്രസംഗത്തിന് മുന്‍പും ഉമറിന് ചെറിയ ഒരു വിറയലുണ്ടാകും

ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് തന്റെ പി.എച്ച്.ഡി സമര്‍പ്പിക്കുന്നതിന് അനുകൂലമായ വിധി ദല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഉമര്‍ ഖാലിദ് നേടി.

ആഗസ്ത് 13ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ‘ഖൗഫ് സേ ആസാദി’ (ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം) എന്നൊരു പരിപാടിയുണ്ടായിരുന്നു. ഉമറായിരുന്നു മുഖ്യപ്രാസംഗികന്‍. പി.എച്ച്.ഡി പൂര്‍ത്തീകരിക്കാന്‍ വേണ്ടി നീണ്ട ഏഴ് മാസത്തോളം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതിനാല്‍ ഈ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവന്‍.

സാധാരണ പോലെ പരിപാടിക്ക് മുന്‍പ് ഉമറിന് ഉത്കണ്ഠ കൂടാന്‍ തുടങ്ങി. നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടാകുമെന്ന് എനിക്കറിയാം, മികച്ച പ്രാസംഗികനായ വന്‍ ജനാവലിയെ വരെ നിരവധി തവണ അഭിസംബോധന ചെയ്ത് സംസാരിച്ച ഒരാള്‍ക്ക് ഇങ്ങനെ പേടി തോന്നുമോയെന്ന്. പക്ഷെ സത്യമിതാണ്, സദസ്യരുടെ എണ്ണം കൂടുതലോ കുറവോ ആകട്ടെ, തന്റെ എല്ലാ പ്രസംഗത്തിന് മുന്‍പും അവന് ചെറിയൊരു വിറയലുണ്ടാകും.

അന്നും അങ്ങനെയായിരുന്നു. പുറത്തുപോയി ഒരു ചായ കുടിക്കാമെന്ന് ഉമര്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന്റെ പുറത്തുനില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ഗുണ്ടയെപ്പോലെ തോന്നിക്കുന്ന തടിമാടാനായ ഒരാള്‍ ഉമറിനുമേല്‍ ചാടി വീണത്. ഉമറിനൊപ്പം സെല്‍ഫിയെടുക്കാന്‍ വന്ന അവന്റെ ഏതോ കടുത്ത ആരാധകനാകും അയാളെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. അപ്പോഴാണ് മരവിച്ച മുഖഭാവത്തോടെ ഉമറിന് നേരെ അയാള്‍ തോക്കുചൂണ്ടിയത്.

നാടന്‍ തോക്കൊന്നുമല്ലായിരുന്നു അത്, ശരിക്കും ഒരു റിവോള്‍വര്‍. കാഞ്ചി വലിക്കാന്‍ തുടങ്ങുകയായിരുന്നു അയാള്‍. അപ്പോഴേക്കും ഞാനും മറ്റുള്ളവരും ചേര്‍ന്ന് അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഞങ്ങളെല്ലാവരും അടുത്തു വരുന്നതു കണ്ട് അയാള്‍ ഓടി രക്ഷപ്പെട്ടു. ആരും പിന്നാലെ ഓടി വരാതിരിക്കാന്‍ അയാള്‍ വെടി വെക്കുകയും ചെയ്തു.

എത്ര തന്നെ പരിശ്രമിച്ചിട്ടും അയാള്‍ക്ക് കൃത്യ സമയത്ത് നിറയൊഴിക്കാനായില്ല. ഒരുപക്ഷെ ആവശ്യത്തിന് ചാനല്‍ ചര്‍ച്ചകളോ ട്വിറ്റര്‍ ട്രോളിംഗോ കാണാത്തതുകൊണ്ടായിരിക്കാം വധശ്രമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആ തോക്കിന് കഴിയാതെ പോയത്.

ദല്‍ഹി പൊലീസിന്റെ മറ്റൊരു മുഖം

‘നിങ്ങളൊരു ഭാഗ്യവാനായ മനുഷ്യനാണ്’ ആ സംഭവത്തിന് ശേഷം ജോയിന്റ് പൊലീസ് കമ്മിഷണര്‍ ഉമറിനോട് പറഞ്ഞു. ആ റിവോള്‍വറിലെ ബാക്കിയുണ്ടായിരുന്ന അഞ്ച് ബുള്ളറ്റുകള്‍ പുറത്തെടുക്കുകയായിരുന്നു അദ്ദേഹം. ആ കമ്മിഷണര്‍ ഒരു മികച്ച വ്യക്തിയായിരുന്നു.

ഇപ്പോള്‍ ദല്‍ഹി പൊലീസുമായി, സത്യവും ധാരണകളും തമ്മിലുള്ള യുദ്ധത്തിലാണ് ഞങ്ങള്‍. പക്ഷെ ഒന്നു പറയട്ടെ, ഞങ്ങള്‍ അവരുടെ മറ്റൊരു മുഖവും കണ്ടിട്ടുണ്ട്.

2018ല്‍ ഇതേ ദല്‍ഹി പൊലീസ് ഞങ്ങളുടെ സുരക്ഷക്ക് വേണ്ടി എത്രയോ മികച്ച രീതിയിലായിരുന്നു പ്രവര്‍ത്തിച്ചത്. പൗരന്മാര്‍ സുരക്ഷിതരാണെന്ന് അവരെ ബോധ്യപ്പെടുത്താനായി പ്രവര്‍ത്തിക്കുക തന്നെയല്ലേ പൊലീസ് ചെയ്യേണ്ടതും.

ജെ.സി.പി അജയ് ചൗധരിയും ഡി.സി.പി മധുര്‍ വര്‍മയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുമെല്ലാം അന്ന് പതിവ് രീതികള്‍ക്ക് വിപരീതമായി പ്രാഥമിക അന്വേഷണം ദ്രുതഗതിയിലാക്കി. കുറ്റക്കാരെ പിടികൂടുമെന്ന ഉറപ്പ് നല്‍കി. പറഞ്ഞതു പോലെ ഒരാഴ്ചക്കുള്ളില്‍ കുറ്റാരോപിതന്‍ പിടിയിലാവുകയും ചെയ്തു.

ഞാനിപ്പോഴും ഓര്‍ക്കുന്നു, ഇന്ന് ഉമറിനെ തടവിലാക്കിയിരിക്കുന്ന ലോധി റോഡ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സ്‌പെഷ്യല്‍ സെല്ലിലേക്ക് അന്ന് ആ ഗുണ്ടകളെ തിരിച്ചറിയാനായി പോയത്. ഇന്ന് അവിടെ ചെന്നപ്പോള്‍ ഇന്‍സ്പെക്ടര്‍ കൈലാഷ് ബിഷ്ട് അവിടെയിരുന്നുകൊണ്ട് പറഞ്ഞു.’ഖാലിദ്, കഴിഞ്ഞ ഒരാഴ്ചയായി നിനക്കുവേണ്ടി ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ഓരോ മുക്കും മൂലയും തിരയുകയായിരുന്നു ഞങ്ങള്‍. ഒന്നു ഉറങ്ങാന്‍ പോലും നേരം കിട്ടിയില്ല.’

ഇന്നത്തെ ഞങ്ങളുടെ അവസ്ഥ ഏറെ വ്യത്യസ്തമാണെന്ന് അറിയാം. എന്നാലും നെഗറ്റിവിറ്റിയുടെ ഗ്രഹണങ്ങള്‍ക്ക് ഞങ്ങളെ വിട്ടുകൊടുക്കില്ലെന്ന് തീരുമാനമെടുത്തതാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട നിയമപാലകരെ പോലെ ദല്‍ഹി പൊലീസ് നിലകൊണ്ട ആ നിമിഷങ്ങളെ ഞങ്ങള്‍ എന്നും ഓര്‍ക്കും.

ഉമറിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന പ്രൊട്ടക്ടീവ് സര്‍വീസ് ഓഫീസര്‍മാര്‍ എത്ര കരുതലോടെയാണ് പെരുമാറിയിരുന്നതെന്നും ഓര്‍ക്കും. ഡ്യൂട്ടിയിലില്ലാത്ത സമയത്ത് പോലും അവര്‍ ഉമറിനോട് കാര്യങ്ങള്‍ വിളിച്ചു ചോദിക്കുമായിരുന്നു.

ചില ഓഫീസര്‍മാര്‍ ‘പഠിച്ചവനായ’ ഉമറിനോട് മക്കളുടെ എന്‍ട്രന്‍സ് പരീക്ഷക്ക് ഉപദേശങ്ങള്‍ ചോദിക്കുമായിരുന്നു. കോളേജ് കാലത്ത് എസ്.എഫ്.ഐ അംഗമായിരുന്ന ഒരു പൊലീസുകാരന്‍ ‘സഖാവേ’ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്.

നല്ല ഓര്‍മ്മകളെ, നിറഞ്ഞൊഴുകുന്ന സ്നേഹത്തെ, പ്രതീക്ഷതിവും അപ്രതീക്ഷിതവുമായെത്തുന്ന പിന്തുണകളെ ചേര്‍ത്തുപിടിക്കുക. വെറുപ്പിനെ അവഗണിക്കുക-ഓരോ വിദ്വേഷ ആക്രമണത്തോടും ചെറുത്തുനില്‍ക്കാന്‍ ഞാനും ഉമറും ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളും നെഞ്ചോട് ചേര്‍ത്തുപ്പിടിക്കുന്ന മന്ത്രമാണിത്. അതുതന്നെയാണ് ഏറ്റവും ഫലവത്തായ രീതിയും. സമാധാനപ്രിയരും ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനാധിപത്യവാദികളുമായ എല്ലാവരോടും ഇതേ രീതി പിന്തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്.

ചുറ്റുമുള്ള വിദ്വേഷം അത്രമേല്‍ ആഴത്തിലുള്ളതാണ്, നിങ്ങളുടെ ഉള്ളിലെ സന്തോഷം മുഴുവന്‍ വലിച്ചൂറ്റിയെടുക്കുന്ന ഹാരി പോട്ടര്‍ കഥയിലെ ദുഷ്ടശക്തികളില്ലേ അതുപോലെ തന്നെ. സന്തോഷം നിറഞ്ഞ ഓര്‍മ്മകള്‍ക്കൊണ്ട് മാത്രമേ അവയോട് പോരാടി നില്‍ക്കാനാകൂ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളെ ഓര്‍ക്കൂ, അതില്‍ നിന്നും ഉയര്‍ന്നുവന്ന ആനന്ദത്തെയും സംതൃപ്തിയെക്കുറിച്ചോര്‍ത്തു നോക്കൂ. ഊര്‍ജസ്വലവും വര്‍ണ്ണശബളവുമായ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യവേദികളായിരുന്നു അവയെന്ന് ഓര്‍ത്തുവെക്കണം. നമ്മുടെ കവിതകളെയും ചുമരുകളിലെ വരകളെയും ഓര്‍ത്തുവെക്കണം.

ഈ കെട്ടുകഥ കേസ് ഒന്നൊന്നായി പുറത്തുവരികയും പൗരത്വഭേദഗതി പ്രതിഷേധക്കാരായ ഓരോരുത്തരെയും കെട്ടിച്ചമച്ച കേസുകള്‍ ചുമത്തി ജയിലടക്കുകയും ചെയ്ത ഈ ലോക്ക്ഡൗണ്‍ കാലത്ത് മുഴുവന്‍ ഞാനും ഉമറും അതുതന്നെയാണ് ചെയ്തത്.

വൈവിധ്യങ്ങളെ എല്ലാ ബഹുമാനത്തോടെയും ആഘോഷിക്കുന്ന ഒരു ഇന്ത്യക്കുവേണ്ടി, വ്യത്യസ്ത സമുദായങ്ങളിലെ വ്യത്യസ്ത മേഖലകളിലെ മനുഷ്യര്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അണിനിരന്നതിനെക്കുറിച്ച് ഞാനും ഉമറും എപ്പോഴും സംസാരിക്കുമായിരുന്നു. ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലറങ്ങി, ചുറ്റുമുള്ളവരോട് ഒപ്പം അണിചേരാന്‍ ആഹ്വാനം ചെയ്തു. ‘ഹം ദേശ് ബച്ചാനേ നികലേ ഹേ, ആവോ ഹമാരേ സാത് ചലോ (ഞങ്ങള്‍ രാജ്യത്തെ രക്ഷിക്കാനിറങ്ങുകയാണ്, വരൂ ഞങ്ങള്‍ക്കൊപ്പം നടക്കൂ).

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഉമര്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചിരുന്നു. വ്യത്യസ്തമായ സംസ്‌കാരങ്ങള്‍, ഭാഷകള്‍, ഭക്ഷണരീതികള്‍ പക്ഷെ മികച്ച ഇന്ത്യ എന്ന സ്വപ്നത്തില്‍ ഈ വ്യത്യസ്തകളെല്ലാം ഒന്നായി തീരുന്നു.

ലോക്ക്ഡൗണില്‍ എല്ലാ ദിവസവും രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോയ ഞങ്ങളെല്ലാവരും വീഡിയോ കോളില്‍ ഒത്തുച്ചേരും. ഇപ്പോള്‍ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ അസംബന്ധത ആലോചിച്ച് പൊട്ടിച്ചിരിക്കും.

യാത്ര പറച്ചില്‍

സെപ്തംബര്‍ 13ന് രാവിലെ ഞാന്‍ ഉമറിനോട് യാത്ര പറഞ്ഞു. അവന്‍ സാധാരണപോലെ തന്നെ അലസമായ ചുവടുകളോടെ തന്റെ വീട്ടിലേക്ക് നടന്നുനീങ്ങത് ഞാന്‍ നോക്കിനിന്നു. രാജസ്ഥാനില്‍ നിന്നും മടങ്ങിയെത്തി സ്‌പെഷ്യല്‍ സെല്ലിലേക്ക് പോകുകയായിരുന്നു അവന്‍. ആ ദിവസം ഇനിയെന്തല്ലാമാണ് നടക്കാന്‍ പോകുന്നതെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനും നല്ലൊരു ഇന്ത്യയെന്ന സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിനും ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ ഇനിയും നടപടികളെടുക്കുമെന്ന് അറിയാമായിരുന്നു. ആ ഭയം ഞങ്ങളെ നിശബ്ദരാക്കിയോ? ഇല്ല, ഒരിക്കലുമില്ല. ഇനി ഞങ്ങള്‍ നിശബ്ദരാക്കപ്പെടുമോ?

പരിഭാഷ: അന്ന കീര്‍ത്തി ജോര്‍ജ്

കടപ്പാട്: ദി ക്വിന്റ്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Umar Khalid’s partner Banojyotsna Lahiri writes about him

ബനോജ്യോത്സന ലാഹിരി
സീനിയര്‍ റിസര്‍ച്ചര്‍, സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ്, ന്യൂദല്‍ഹി