| Wednesday, 16th September 2020, 4:08 pm

ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാവി ഈ നിമിഷം മുതല്‍ ഇരുണ്ടതായിരിക്കും; ഉമര്‍ ഖാലിദിന്റെ അറസ്റ്റ് ആശങ്കയുണ്ടാക്കുന്നതെന്ന് മുന്‍ ഐ.എ.എസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നതും ഒരു ജനാധിപത്യ രാജ്യത്തിന്റെ ജീവരക്തമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഐ.എ.എസ് ഒഫീസറുമായ ഹര്‍ഷ് മന്ദര്‍. ജനാധിപത്യത്തില്‍ വിവേചന ശക്തിക്കുള്ള സ്വാതന്ത്രവും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത നടപടിക്കാട്ടിയാണ് ഹര്‍ഷ് മന്ദറിന്റെ പരാമര്‍ശം.

മതേതരത്വത്തിന്റേയും സമാധാനത്തിന്റെയും യുവ ശബ്ദമായ ഉമറിനെ അറസ്റ്റ് ചെയ്ത നടപടി തന്നില്‍ ആശങ്കയുണ്ടാക്കുന്നതായും ഹര്‍ഷ് മന്ദര്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാവി
ഈ നിമിഷം മുതല്‍ ഇരുണ്ടതായിരിക്കുമെന്നും ഹര്‍ഷ് മന്ദര്‍ ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഒരു നാണവുമില്ലാതെ പക്ഷപാതപരമായാണ് ദല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന്
ഭരണകക്ഷിയായ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്ര-രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും വളരെ വ്യക്തമായി കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഉമര്‍ ഖാലിദിന് പിന്തുണയുമായി സി.പി.ഐ.എം.എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദിനും മറ്റുള്ളവര്‍ക്കും വേണ്ടി ഉയരുന്നത് ദല്‍ഹി പൊലീസിന്റെ കള്ളത്തരത്തിന് സാക്ഷിയായ ഇന്ത്യന്‍ ജനതയുടെ ശബ്ദമാണെന്നാണ് കവിതാ കൃഷ്ണന്‍ പറഞ്ഞത്.

മോദിയുടേയും ബി.ജെ.പി.യുടേയും ഐ.ടി സെല്ലിനല്ലാതെ മറ്റാര്‍ക്കാണ് സോഷ്യല്‍ മീഡിയ സ്വാധീനംവെച്ച് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ പറ്റുകയെന്നും കവിതാ കൃഷ്ണന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

uture of dissent in India only gets darker from here  says  harsh  mander

We use cookies to give you the best possible experience. Learn more