ന്യൂദല്‍ഹി: റിമാന്‍ഡില്‍ കഴിയവെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെപ്പോലെ ദേശസ്‌നേഹിയായ മുസ്‌ലീമായിക്കൂടെ എന്ന് തന്നോട് പോലീസ് ചോദിച്ചതായി ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച ശേഷം ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമര്‍ ഖാലിദ്. ഇസ്‌ലാം മതാചാരപ്രകാരം ജീവിക്കാത്ത തന്നെ മുസ്‌ലീം തീവ്രവാദിയായി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
മുസ്‌ലീമായതിനാലാണ് തനിക്കെതിരെ ഈ തീവ്രവാദി ആരോപണം വരുന്നതെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. മുസ്‌ലീങ്ങളെല്ലാം ദേശസ്‌നേഹികളാണ്. എന്നാല്‍ ഇപ്പോള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട സാഹചര്യമാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. തന്നോടുണ്ടായിരുന്നതിലും ദേഷ്യത്തിലാണ് പോലീസ് അനിര്‍ബന്‍ ഭട്ടാചാര്യയെ ചോദ്യം ചെയ്തത്. ഒരു ഭട്ടാചാര്യ എങ്ങനെ ഈ കേസില്‍ പ്രതിയായെന്ന് പോലീസുകാര്‍ ചോദിച്ചതായും ഉമര്‍ പറഞ്ഞു.
ആര്‍.എസ്.എസും സര്‍ക്കാരും ചേര്‍ന്ന് എല്ലാവരേയും അടിച്ചമര്‍ത്തുകയാണ്. ആദിവാസികളും ദളിതരും മുസ്‌ലീങ്ങളുമെല്ലാം ഇത് അംഗീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. ജയിലില്‍ കിടക്കുന്നത് ഒരു മോശം കാര്യമല്ല. അധികാരത്തിലിരിക്കുന്ന ക്രിമിനലുകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവരാണ് ജയിലുകളില്‍ പോകുന്നതെന്നും ഉമര്‍ പറഞ്ഞു.
ജെ.എന്‍.യുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അനിര്‍ബന്‍ ഭട്ടാചാര്യ ഉന്നയിച്ചത്. ക്യാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് കേട്ട് ചോര തിളയ്ക്കുന്ന ടെലിവിഷന്‍ അവതാരകര്‍ക്ക്, ലഹളകളില്‍ ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും ആദിവാസികള്‍ കൊല്ലപ്പെടുമ്പോഴും ഈ വികാരം ഉണ്ടാകുന്നില്ലേ എന്ന് അനര്‍ബന്‍ ചോദിച്ചു. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാനുള്ള വിഷയങ്ങളാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും അനിര്‍ബന്‍ പറഞ്ഞു.