| Saturday, 3rd December 2022, 8:35 pm

ദല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി; പക്ഷെ ജയിലില്‍ തുടരേണ്ടി വരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി. ദല്‍ഹി കര്‍കര്‍ധൂമ കോടതിയാണ് 2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും ഉമര്‍ ഖാലിദിനെയും യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് പ്രവര്‍ത്തകനായ ഖാലിദ് സെയ്ഫിയെയും കുറ്റവിമുക്തരാക്കിയത്.

2020 ഫെബ്രുവരി 24ന് ചന്ദ്ബാഗ് പുല്ലിയയില്‍ ജനക്കൂട്ടം കല്ലേറ് നടത്തിയ സംഭവത്തില്‍ ഉമര്‍ ഖാലിദിനും സെയ്ഫിനും പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. ഇവര്‍ ജനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും ഇതിനുവേണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.

എന്നാല്‍ വ്യക്തമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇപ്പോള്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, അന്ന് അക്രമം നടത്തിയിരിക്കുന്ന ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുണ്ടെന്ന കാരണത്തിന്റെ പേരില്‍ മാത്രം അനന്തകാലത്തേക്ക് ഇവര്‍ രണ്ട് പേരെയും ജയിലിടാനാകില്ലെന്നും കോടതി പറഞ്ഞു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പുലസ്ത്യ പ്രമചാലയാണ് ജാമ്യം അനുവദിച്ചത്. ഉമര്‍ ഖാലിദിനെയും ഖാലിദ് സെയ്ഫിനെയും കൂടാതെ താരിഖ് മൊയ്ന്‍ റിസ്‌വി, ജഗാര്‍ ഖാന്‍, മുഹമ്മദ് ഇല്ലിയാസ് എന്നിവരെയും ഈ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ 2020 ഫെബ്രുവരി 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായിരുന്നു കലാപം നടന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കടകളും വീടുകളും അക്രമികള്‍ നശിപ്പിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും പ്രദേശവാസികളായ മുസ്‌ലിങ്ങള്‍ക്കെതിരെയുമായിരുന്നു അക്രമസംഭവങ്ങള്‍ നടന്നത്.

എന്നാല്‍ പിന്നീട് എന്‍.ആര്‍.സി വിരുദ്ധ സമരക്കാരെ കലാപത്തിലെ സൂത്രധാരര്‍ എന്ന് ആരോപിച്ചുകൊണ്ട് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 സെപ്റ്റംബറിലാണ് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമര്‍ ഖാലിദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

നിലവില്‍ കല്ലേറ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, ദല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ച് യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല്‍ ഉമര്‍ ഖാലിദിനും ഖാലിദ് സെയ്ഫിക്കും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരേണ്ടി വരും.

Content Highlight: Umar Khalid is discharged in Delhi Riot Case

We use cookies to give you the best possible experience. Learn more