ഉമര്‍ ഖാലിദിനെതിരെ വീണ്ടും കുറ്റപത്രം
national news
ഉമര്‍ ഖാലിദിനെതിരെ വീണ്ടും കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 6:30 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരെ കുറ്റപത്രം തയ്യാറാക്കി ദല്‍ഹി പൊലീസ്. ‘ദേശവിരുദ്ധമായ’ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്.

100 പേജുള്ള കുറ്റപത്രത്തില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി, താഹിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം ജനുവരി എട്ടിന് ഷഹീന്‍ ബാഗില്‍ യോഗം സംഘടിപ്പിച്ചുവെന്നും ദല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ഉമര്‍ ഖാലിദ് മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തതായും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഈ പ്രതിഷേധങ്ങളുടെ സംഘാടകരാണ് ഉമര്‍ ഖാലിദിന് വിവിധ സംസ്ഥാനങ്ങളില്‍ താമസവും അദ്ദേഹത്തിന്റെ ചെലവുകളും വഹിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

‘ദല്‍ഹി സ്‌പോട്ടര്‍ പ്രൊട്ടസ്റ്റ്’ എന്ന വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ ഗ്രൂപ്പിലാണ് ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. രാഹുല്‍ റായി എന്നയാളാണ് ഇങ്ങനെയൊരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ദല്‍ഹി പൊലീസ് പ്രത്യേക സേന ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി മറ്റൊരു കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

ഫെബ്രുവരിയിലുണ്ടായ ദല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കലാപത്തിന് പിന്നില്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയതിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Umar Khalid Conspired To Fuel Delhi Riots, Says Police Charge Sheet