ഉമര്‍ ഖാലിദിന് ഡോക്ടറേറ്റ്; പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത് സര്‍വകലാശാലയുടെ എതിര്‍പ്പ് മറികടന്ന്
national news
ഉമര്‍ ഖാലിദിന് ഡോക്ടറേറ്റ്; പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത് സര്‍വകലാശാലയുടെ എതിര്‍പ്പ് മറികടന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 5:29 pm

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഇനി ഡോ. ഉമര്‍ ഖാലിദ്. പി.എച്ച്.ഡി പൂര്‍ത്തിയായതായി ഉമര്‍ ഖാലിദ് തന്നെയാണ് ഫേസ്ബുക്കില്‍ അറിയിച്ചത്. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ എന്ന വിഷയത്തിലാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

പ്രക്ഷുബ്ധമായ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ തന്നോടൊപ്പം നിന്ന ജെ.എന്‍.യു സമൂഹത്തിനും തന്റെ സൂപ്പര്‍വൈസര്‍ ഡോ. സംഗീത ദാസ്ഗുപ്ത, എക്‌സ്റ്റേണല്‍ എക്‌സാമിനേഴ്‌സ് പ്രൊഫ. പ്രഭു മഹാപാത്ര, പ്രൊഫ. റോഹന്‍ ഡിസൂസ എന്നിവര്‍ക്കും ഉമര്‍ ഖാലിദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നന്ദി അറിയിച്ചു. ഇവര്‍ മൂവര്‍ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തന്റെ പി.എച്ച്.ഡി പ്രബന്ധങ്ങള്‍ സ്വീകരിക്കുന്നില്ലെന്നു കഴിഞ്ഞവര്‍ഷം ഉമര്‍ ഖാലിദ് ആരോപിച്ചിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്തുവെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിന്റെയും മറ്റൊരു വിദ്യാര്‍ഥിയുടെയും പ്രബന്ധങ്ങള്‍ സര്‍വകലാശാല മടക്കിയയച്ചത്.

2016 ഫെബ്രുവരി 9-ന് സര്‍വകലാശാല ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് സര്‍വകലാശാല അധികൃതരുടെ നടപടി.

ദല്‍ഹിയിലെ അതീവ സുരക്ഷാമേഖലയില്‍ പൊലീസിന്റെ മൂക്കിനുതാഴെ നടന്ന വെടിവെപ്പില്‍ നിന്നും കഴിഞ്ഞവര്‍ഷം തലനാരിഴയ്ക്കാണ് ഉമര്‍ഖാലിദ് രക്ഷപ്പെട്ടത്. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ രാജ്യത്ത് നടക്കുന്ന വിദ്വേഷ കൊലപാതകങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു ഉമറിനെതിരായ ആക്രമണം.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് ഉമര്‍ ഖാലിദും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിനി ബനോജ്യോത്സന ലാഹിരിയുമടക്കമുള്ള സുഹൃത്തുക്കള്‍ പുറത്ത് ചായ കുടിച്ചിരിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. സുഹൃത്തുക്കള്‍ ഇയാളുടെ നീക്കം പരാജയപ്പെടുത്തിയപ്പോള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ എതിര്‍വശം ഐ.എന്‍.എന്‍.എസ് ബില്‍ഡിങ്ങിനടുത്തേക്ക് തോക്കേറിഞ്ഞ് അക്രമി രക്ഷപ്പെടുകയാണുണ്ടായത്.

2016-ലെ ജെ.എന്‍.യു സംഭവത്തിന് ശേഷം ഉമര്‍ഖാലിദിനും ഷെഹ്ല റാഷിദിനും കനയ്യകുമാറിനുമെതിരെ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നും തവണ വധഭീഷണികളും കയ്യേറ്റ ശ്രമങ്ങളുമുണ്ടായിരുന്നു.