ഒരിക്കല്‍ക്കൂടി ബി.ജെ.പിയും മാധ്യമങ്ങളിലെ അവരുടെ കുഴലൂത്തുകാരും ജെ.എന്‍.യു വിദ്യാര്‍ഥികളെ ക്രിമിനലുകളായി ചിത്രീകരിക്കാന്‍ മത്സരിക്കുകയാണ്. ജെ.എന്‍.യു ഭരണകൂടം കൊണ്ടുവന്ന ഉന്നത തല കമ്മിറ്റിയെന്ന കാട്ടിക്കൂട്ടലിന്റെ അടുത്തിടെയുള്ള ഉത്തരവ് ഉയര്‍ത്തിക്കൊണ്ട് ഞങ്ങള്‍ മെനഞ്ഞ കഥകള്‍ “ശരിയായി” എന്നവര്‍ അവകാശപ്പെടുകയാണ്.
ആദ്യം ദിനം മുതല്‍ തന്നെ ഞങ്ങള്‍ക്കെതിരെ മുന്‍വിധിയോടെ നീങ്ങിയ അന്വേഷണം എല്ലാ തരത്തിലും ഞങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും. ഭരണകക്ഷിയായ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും വിവേചന രഹിതമായൊരു അന്വേഷണം എന്ന ചോദ്യമേ ഉദിക്കുന്നില്ല.
അന്വേഷണ നടപടികളില്‍ പലതവണ ക്രമക്കേടുകള്‍ കണ്ടെത്തിയ കോടതി ഞങ്ങളുടെ വാദം ശരിവെച്ചതുമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഈ കേസില്‍ എനിക്കെതിരെ “ബഹിഷ്‌കരണ” ഉത്തരവുമായി അഡ്മിനിസ്‌ട്രേഷന്‍ രംഗത്തുവരുന്നത്. അതായത് മൂന്നുതവണ കോടതി തള്ളിയ അതേ ഉത്തരവുമായി.
Also Read:ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ തറപറ്റിക്കാന്‍ സംസ്ഥാനങ്ങളില്‍ വിശാലസഖ്യങ്ങള്‍ക്ക് കളമൊരുങ്ങുന്നു
ഒരിക്കല്‍ കൂടി ഞങ്ങള്‍ ഈ അന്വേഷണത്തെയും അവരുടെ കണ്ടെത്തലുകളെയും നിരാകരിക്കുകയാണ്. നീതിയുടെ എല്ലാ തത്വങ്ങള്‍ക്കും എതിരാണിത്. ഈ റിപ്പോര്‍ട്ട് നിറയെ വൈരുദ്ധ്യങ്ങളും കള്ളങ്ങളുമാണ്. അധികകാലം കഴിയും മുമ്പു തന്നെ അത് ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടും. ഒരിക്കല്‍ക്കൂടി ഞങ്ങളിതിനെ കോടതിയില്‍ ചോദ്യം ചെയ്യും. നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ രാജ്യത്ത് തുടരുന്ന വേട്ടയാടലിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.
ഏകാധിപത്യത്തിനു മുമ്പില്‍ മുട്ടുവടക്കാന്‍ വിസമ്മതിച്ച, എതിരഭിപ്രായങ്ങള്‍ തുറന്നുപ്രകടിപ്പിക്കുന്ന വിദ്യാര്‍ഥി സമൂഹത്തിനെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതാണ് ഈ അന്വേഷണ ഉത്തരവ്.
ചില കാര്യങ്ങള്‍ക്കൂടി ഇതിനൊപ്പം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതെ, ഞങ്ങള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളായിരുന്നു. സമൂഹത്തിലെ പലതരം അനീതികള്‍ക്കും മോദി ഭരണകൂടത്തിനു കീഴിലുള്ള അധികാര ധാര്‍ഷ്ട്യത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍.
അതേസമയം തന്നെ ഞങ്ങള്‍ ഇക്കാലമത്രയും ഞങ്ങളുടെ അക്കാദമിക് മേഖലയെ ഗൗരവമായി തന്നെ കണ്ടിരുന്ന വിദ്യാര്‍ഥികള്‍ കൂടിയായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയം അക്കാദമിക് രംഗത്തും തിരിച്ചും പ്രതിഫലിച്ചിരുന്നു. രണ്ടും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു.
നികുതിദായകരുടെ പണം കൊണ്ട് മുന്നോട്ടുപോകുന്ന പൊതു ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെന്ന നിലയില്‍ സമൂഹത്തിനുമേല്‍ ഞങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. കൊളോണിയല്‍ കാലഘട്ടം മുതല്‍ ആദിവാസികള്‍ നേരിടുന്ന സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും രാഷ്ട്രീയ അരികുവത്കരണവും എന്ന വിഷയത്തിലാണ് എന്റെ പി.എച്ച്.ഡി.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ സീരിയസാവുന്നില്ല എന്ന് കുറ്റപ്പെടുത്തുന്ന അതേ ഭരണകൂടം തന്നെയാണ് ഞങ്ങളുടെ പി.എച്ച്.ഡി സമര്‍പ്പിക്കുന്നതില്‍ നിന്നും ഞങ്ങളെ തടയുന്നത്. ഞങ്ങളുടെ പാഷന്റെയും റിസേര്‍ച്ചിന്റെയും ക്രിട്ടിക്കാലിറ്റിയുടെയും ഫലമാണ് ഈ പി.എച്ച്.ഡി. പി.എച്ച്.ഡി സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയ്ക്ക് രണ്ടാഴ്ച മുമ്പുതന്നെ ഉന്നതതല കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നത് ലജ്ജാകരവും ക്രൂരമായ പകവീട്ടലുമാണ്. അത് പൊതുഫണ്ടിലുള്ള വിദ്യാഭ്യാസത്തിനും, സാമൂഹ്യനീതിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും എതിരെയുള്ള അടിയാണ്. എന്തായാലും, ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത് ഞങ്ങള്‍ മുട്ടുമടക്കില്ല എന്നു തന്നെയാണ്.
തൊഴിലില്ലായ്മയും, കര്‍ഷകരോഷവും, യുവാക്കളുടെയും തൊഴിലാളികളുടെയും പ്രതിഷേധവും, ജാതീയ, വിദ്വേഷ, വര്‍ഗീയ രാഷ്ട്രീയത്തിന് അതിര്‍വരമ്പുകളും വന്നിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണെന്നും വ്യക്തമാണ്. അതുകൊണ്ട് ഒരിക്കല്‍ കൂടി നിരാശയോടെ അവര്‍ അവരുടെ ധ്രുവീകരണ തന്ത്രം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. 2019ല്‍ തെരഞ്ഞെടുപ്പ് നടക്കനിരിക്കെ ഇനിയും ഇത്തരം കളികളും ആക്രമണങങളും ഗൂഢാലോചനകളുമൊക്കെയുണ്ടാവും. രാജ്യത്തും ഞങ്ങള്‍ക്കുമുമ്പിലും ഭീകരമായി പരാജയപ്പെട്ട ഒരു സര്‍ക്കാറിന്റെ ഭയവും ബലഹീനതയുമാണ് ഇത് കാണിക്കുന്നത്.