ആ പരിക്ക് വെറും അഭിനയമോ? ഷദാബ് കളിച്ചത് 24 കോടി പാകിസ്ഥാനികളുടെ വികാരം കൊണ്ടെന്ന് സൂപ്പര്‍ താരം
കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ആഫ്രിക്കന്‍ വമ്പന്‍മാര്‍ വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു. 49ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടി കേശവ് മഹാരാജാണ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്.
മത്സരത്തിനിടെ പാകിസ്ഥാന് മറ്റൊരു തിരിച്ചടിയുമേറ്റിരുന്നു. സൂപ്പര്‍ താരം ഷദാബ് ഖാന്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനിന്നിരുന്നു. ഒസാമ മിറാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയത്.
എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഷദാബ് കളം വിട്ടതിനെ വിമര്‍ശിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഉമര്‍ ഗുല്‍. ഷദാബിന് അത്രത്തോളം പരിക്ക് ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും പാകിസ്ഥാന്‍ ആരാധകരുടെ വികാരത്തെ വെച്ചാണ് അവന്‍ കളിച്ചതെന്നുമാണ് ഉമര്‍ ഗുല്‍ പറഞ്ഞത്.
‘അവന് വലിയ പരിക്കേറ്റതായൊന്നും എനിക്ക് തോന്നുന്നില്ല. ഒന്നോ രണ്ടോ വിക്കറ്റ് ശേഷിക്കവെ അവന്‍ ടീമിന് വേണ്ടി കയ്യടിക്കാനും ആര്‍പ്പുവിളിക്കാനും ക്യാമറക്ക് മുമ്പില്‍ വന്നിരുന്നു. 24 കോടി പാകിസ്ഥാന്‍ ജനതയുടെ വികാരം വെച്ചാണ് അവന്‍ കളിച്ചത്. ഇത് തമാശയല്ല,’ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുല്‍ പറഞ്ഞു.
മൈതാനത്തെ സമ്മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഷദാബ് കണ്ടെത്തിയ വഴിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
‘അവന്‍ മൈതാനം വിട്ട് പുറത്തുപോയി, എന്നാല്‍ അധികം വൈകാതെ തന്നെ അവന്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. അവന്റെ സ്‌കാനിങ്ങുകളും മറ്റും ഓകെയുമായിരുന്നു. മൈതാനത്തിലെ സമ്മര്‍ദം ഒഴിവാക്കാന്‍ അവന്‍ കണ്ടെത്തിയ വഴിയാണ് ഇത് എന്നാണ് എനിക്ക് തോന്നിയത്,’ ഗുല്‍ പറഞ്ഞു.
മുന്‍ പാക് സൂപ്പര്‍ പേസര്‍ സൊഹൈല്‍ തന്‍വീറും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
‘അവന്റെ പരിക്ക് എത്രത്തോളം വലുതാണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അവന്‍ ആദ്യം ഫീല്‍ഡിലേക്കെത്തുകയും എന്നാല്‍ ആരുടെയൊക്കെയോ ഉപദേശപ്രകാരം മടങ്ങുകയും ചെയ്തിരുന്നു. അവന്‍ ഡഗ് ഔട്ടിലുണ്ടായിരുന്നിട്ടും കളിക്കാത്തത് ആരെയും അത്ഭുതപ്പെടുത്തും,’ തന്‍വീര്‍ പറഞ്ഞു.
‘ടീമിന് ആവശ്യമായ സമയത്ത് ഒടിഞ്ഞ കൈ ഉപയോഗിച്ച് ബാറ്റ് ചെയ്ത പല താരങ്ങളെയും എനിക്ക് അറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തിലേറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ പതിയെ അസ്തമിക്കാനും തുടങ്ങിയിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വി എന്ന മോശം റെക്കോഡും കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തിന് പിന്നാലെ ബാബറും സംഘവും സ്വന്തമാക്കിയിരുന്നു.
Content Highlight: Umar Gul slams Shadab Khan