മലപ്പുറം: ഉമർ ഫൈസി മുക്കത്തെ സമസ്ത ഭാരവാഹിത്വത്തിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി മലപ്പുറം മുശാവറ. നേരെത്തെ തന്നെ മറനീക്കി പുറത്ത് വന്ന സമസ്തയിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. നിലവിൽ പൊതുയോഗങ്ങളിലും മറ്റുമായി ഇരു വിഭാഗങ്ങളും വളരെ ശക്തമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചിരുന്നു.
അതിനിടെ നേതൃത്വം ഇടപെട്ട് പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇരു വിഭാഗങ്ങളും അത് അംഗീകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന് മലപ്പുറത്ത് സമസ്തയുടെ മുശാവറ കമ്മിറ്റി യോഗം വിളിക്കുകയും ഉമർ ഫൈസി മുക്കത്തിനെ സ്ഥാനത്ത് നിന്ന് നീക്കാൻ പ്രമേയം പാസാക്കുകയും ചെയ്യുകയായിരുന്നു.
നിലവിൽ സമസ്തയുടെ സംസ്ഥാന സെക്രട്ടറിയാണ് ഉമർ ഫൈസി മുക്കം. പ്രമേയം കേന്ദ്ര മുശാവറക്ക് അയക്കാൻ മലപ്പുറം മുശാവറ കമ്മിറ്റി തീരുമാനിച്ചു. നേരത്തെ തന്നെ ഉമർ ഫൈസി മുക്കത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. സമസ്തയുടെ ഒരു വിഭാഗവും ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൊതുയോഗങ്ങൾ നടത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ക്യാമ്പയിനുകളും നടക്കുന്നുണ്ട്. സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയുള്ള സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിനെതിരെ രൂക്ഷ മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയും പാണക്കാട് ഖാസി ഫൗണ്ടേഷനെതിരെയും പേരുപറയാതെ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സാദിഖ് അലി ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം വേണമെന്നും എന്നാൽ അദ്ദേഹത്തിന് അതില്ലെന്നും അങ്ങനെ ഉണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ രസം എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Umar Faizi should be removed from all office; Malappuram Mushavara passed the resolution