കോഴിക്കോട്: യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകനായിട്ട് ആരും ഇല്ലെന്ന്
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് പിന്തുണ കൊടുക്കുമെന്നും പലകാര്യങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാരിനെ സമസ്ത പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.
‘യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകന്‍ എന്ന് പറയുന്ന ഒരു മനുഷ്യനും ഈ ഭൂമിയില്‍ ഇല്ല. ഒക്കെ അഡജസ്റ്റ്‌മെന്റിന്റെ ആള്‍ക്കാരാണ്. എല്ലാം ചെയ്യാന്‍, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയില്ല. അതുകൊണ്ട് ഒരാളെയും പൂര്‍ണമായി ന്യൂനപക്ഷ സംരക്ഷകനാണെന്ന് പറയാന്‍ കഴിയില്ല.
നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഭരിക്കുന്ന സര്‍ക്കാരിന് പിന്തുണ കൊടുക്കും. പലകാര്യങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാരിന് സമസ്ത പിന്തുണ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ നമ്മള്‍ യോചിച്ചിട്ടുണ്ട്. ഏക സിവില്‍ കോഡിന്റെ സെമിനാറില്‍ നമ്മള്‍ സഹകരിച്ചതല്ലേ. അത് യു.ഡി.എഫ് നടത്തിയപ്പോഴും സഹകരിച്ചു. സി.എ.എയുമായി ബന്ധപ്പെട്ട സമരത്തിലും സഹകരിച്ചു. ഇന്ത്യ എന്ന ഐക്യ സംഘത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്.
സംഘപരിവാറിനെതിരെ പ്രതിരോധിക്കാനാണല്ലോ ഇന്ത്യാ മുന്നണി ഉണ്ടാക്കിയിട്ടുള്ളത്. അതില്‍ ഇവിടുത്തെ സി.പി.ഐ.എമ്മും കോണ്‍ഗ്രസുമൊക്കെയുണ്ടല്ലോ. ആ അര്‍ഥത്തില്‍ എല്ലാവരും സംഘപരിവാറിനെതിരെ സംഘടിക്കുന്നുണ്ട്. മതേതര വിശ്വാസകളില്‍ എന്ന നിലയില്‍ നമ്മുടെ പിന്തുണയും അതിനുണ്ട്,’ ഉമര്‍ ഫൈസി പറഞ്ഞു.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ സംസാരിച്ച മുസ്‌ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെയും വലിയ വിമര്‍ശനമാണ് ഉമര്‍ഫൈസി നടത്തിയത്.
സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തില്‍ ഇരുത്തുന്ന കാര്യം മുസ്‌ലിം ലീഗ് നേതൃത്വം ആലോചിക്കണം. സമസ്തയ്‌ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നതെന്നും
മതേതര കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.
Content Highlight: Umar Faizi Mukkam That there is no one as a real minority protector