വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി മുസ്ലിം ലീഗ് സഖ്യം ചേരാനൊരുങ്ങുന്നത് രാഷ്ട്രീയ കേരളത്തില്‍ ഇതിനകം നിരവധി ചര്‍ച്ചകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന പ്രബല സമുദായ വിഭാഗം ഇ.കെ സമസ്തയുടെ നേതാക്കളായ ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ മുസ്ലിം ലീഗിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് പരസ്യമായി രഗംത്ത് വരികയും ചെയ്തിരുന്നു. ‘മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്‍ക്കും‘ എന്ന തലക്കെട്ടില്‍, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും, അവരുമായുള്ള സന്ധിചേരല്‍ മുസ്ലിം ലീഗിന്റെ മതേതര രാഷ്ട്രീയത്തിന് വെല്ലുവളിയാകും എന്ന നിരീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ടും, ഉമര്‍ഫൈസി മുക്കം ‘സുപ്രഭാതം’ പത്രത്തില്‍ എഴുതിയ ലേഖനം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് മുസ്ലിം ലീഗ് – വെല്‍ഫെയര്‍പാര്‍ട്ടി സഖ്യസാധ്യതകളെ ഇത്ര രൂക്ഷമായി എതിര്‍ക്കുന്നതെന്ന് ഉമര്‍ ഫൈസി മുക്കം ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നു.
അഭിമുഖം: ഉമര്‍ ഫൈസി മുക്കം / ഷഫീഖ് താമരശ്ശേരി
ഉമര്‍ ഫൈസി മുക്കം
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് സഖ്യ ആലോചനകളെ എന്തുകൊണ്ടാണ് താങ്കളടക്കമുള്ളവര്‍ എതിര്‍ക്കുന്നത്?
അതിന് നിരവധി കാരണങ്ങളുണ്ട്. മുസ്ലിം ലീഗ് ഒരു സമുദായ രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും ബഹുസ്വരമായ ഒരു രാഷ്ട്രീയമുഖത്തോടെയാണ് അത് എക്കാലവും നിലകൊണ്ടിട്ടുള്ളത്. മുസ്ലിം ലീഗ് ഒരിക്കലും ഒരു വര്‍ഗീയപ്രസ്ഥാനമല്ല എന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയമുന്നണികളില്‍ ലീഗിന് എന്നും ഒരു പ്രബല സ്ഥാനം ലഭിച്ചിട്ടുള്ളത്. ഇടത് വലത് മുന്നണികളെല്ലാം തെരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ ലീഗിനെ ഭാഗമാക്കുന്നത് ലീഗ് എല്ലാക്കാലത്തും മതേതര നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതുകൊണ്ടാണ്. ഒരിക്കലും മുസ്ലിം ലീഗ് തീവ്രമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. അത്തരം കൂട്ടുകെട്ടുകളുടെ ഭാഗമായിട്ടുമില്ല.
അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമി തീവ്ര നിലപാടുകള്‍ കൈക്കൊള്ളുന്നവരുടെ രാഷ്ട്രീയ വിഭാഗമാണ്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രം വേണമെന്നതാണ് അവരുടെ അടിസ്ഥാന തത്വം. 1941 ലാണ് അത് രൂപം കൊള്ളുന്നത്. നിരവധി ഘട്ടങ്ങളില്‍ അവര്‍ നിരോധിക്കപ്പെട്ടിട്ടുമുണ്ട്. മുസ്ലിം ജനതയുടെ ക്ഷേമമാണ് മുസ്‌ലിം ലീഗ് മുന്നോട്ടുവെയ്ക്കുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടേത് മതരാഷ്ട്രവാദമാണ് ഇത് രണ്ടും ഒരിക്കലും ഒത്തുപോകില്ല.
നിലവില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗ് തീരുമാനിച്ചുകഴിഞ്ഞാല്‍ അത് ഏറെ വിപത്തുകള്‍ സൃഷ്ടിക്കും. രൂപംകൊണ്ടിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കേരള രാഷ്ട്രീയത്തില്‍ യാതൊരു സ്വാധീനവും വളര്‍ച്ചയും ഉണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത് അവരുടെ രാഷ്ട്രീയത്തിന്റ പോരായ്മകൊണ്ടാണ്. ആ പരിക്കിനെ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകളില്‍കൂടി മറികടക്കാനാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും വിധത്തിലുള്ള വളര്‍ച്ച നമ്മുടെ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്നവരാണ് സമസ്ത വിഭാഗം. തീര്‍ച്ചയായും ഇത്തരം എതിര്‍പ്പുകള്‍കൊണ്ടും പ്രതിരോധംകൊണ്ടും കൂടിയാണ് അവര്‍ക്കിപ്പോഴും മുസ്ലിം സമൂഹത്തിനിടയില്‍ വലിയ വളര്‍ച്ച ഇല്ലാത്തതും.
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ഇവിടുത്തെ ഭരണഘടനയുമാണ്. ഇന്ത്യയില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് മുസ്ലിങ്ങള്‍. അത്തരമൊരു സ്ഥലത്ത് ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയാടിത്തറയുമായി പ്രവര്‍ത്തിക്കുക എന്നത് പരമ വിഡ്ഢിത്തമാണ്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു കാലത്തും സഫലീകരിക്കപ്പെടാത്തതും അതിലുപരി ഇവിടെ ഏറെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ടാണ് നാം അതിനെ തീവ്രവാദം എന്ന് പറയുന്നത്.
ഇസ്ലാമിന്റെ വ്യാപനം തീര്‍ച്ചയായും മതം ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണല്ലോ പ്രവാചകരുണ്ടായത്. അന്ത്യപ്രവാചകന്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് പലായനം ചെയ്ത് അവിടെ ആധിപത്യം ഉണ്ടാക്കുന്നത് അവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ നടത്തിയ സാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
അറേബ്യയില്‍ പിന്നീട് ഇസ്ലാം വളര്‍ന്നുവലുതാവുകയും, സ്വാഭാവികമായും അറേബ്യന്‍ ജനതയുടെ മതപരവും വിശ്വാസപരവുമായ പശ്ചാത്തലം ഭരണരൂപീകരണങ്ങളിലടക്കം ഭാഗമാവുകയും ചെയ്തതുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങളുണ്ടായിട്ടുള്ളത്. അല്ലാതെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ആരും പരിശ്രമിക്കുകയായിരുന്നില്ല. പിന്നീട് ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയത്തെ ലോകത്തിന്റെ പല ദിക്കുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് അന്ന് ആളുകള്‍ സഞ്ചരിച്ചത്. അല്ലാതെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടിയല്ല. മതരാഷ്ട്രവാദത്തിന് ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവുമില്ല.
ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ സ്വാധീനം സംഘപരിവാറിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഇത് വിശദീകരിക്കാമോ?
ഇന്ത്യയില്‍ സംഘപരിവാര്‍ എക്കാലത്തും ആഗ്രഹിക്കുന്നത് മുസ്ലിങ്ങളില്‍ നിന്നും വര്‍ഗീയവും തീവ്രവുമായ ഇടപെടലുകള്‍ ഉണ്ടാകാനാണ്. അതായത് സംഘപരിവാര്‍ ഇടപെടലുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി മുസ്ലിങ്ങളില്‍ നിന്നും ഉണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികമായ കോളിളക്കങ്ങളുണ്ടാക്കി അവര്‍ക്ക് രാഷ്ട്രീയനേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തതടക്കമുള്ള നിരവധി ഘട്ടങ്ങളില്‍ സംയമനത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയവും നിലപാടുകളുമാണ് മുസ്ലിം ലീഗ് അടക്കമുള്ളവര്‍ സ്വീകരിച്ചത്. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ മുസ്ലീം തീവ്രപ്രതിരോധങ്ങള്‍ ഇവിടെ നിന്നും സജീവമായി ഉണ്ടാകണമെന്ന സംഘപരിവാറിന്റെ ആവശ്യങ്ങളെയാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ നിറവേറ്റുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആസ്ഥാനം
ഇത്തരം വിയോജിപ്പുകളെല്ലാം കാലങ്ങളായി ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഉന്നയിക്കുന്നവര്‍ തന്നെയാണല്ലോ മുസ്ലിം ലീഗ് നേതൃത്വവും. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു യോജിപ്പുണ്ടാകുന്നത്?
രാഷ്ട്രീയഭ്രമം ബാധിച്ച് അധികാരം കിട്ടണം എന്ന് ആഗ്രഹിക്കുന്ന ചിലര്‍ ഉണ്ടാക്കുന്ന കുത്തിത്തിരിപ്പ് പണിയാണിത്. അവര്‍ ചില്ലറ നേട്ടത്തിന് വേണ്ടി, താത്കാലിക ലാഭത്തിന് വേണ്ടി നമ്മുടെ ഒരു വലിയ പൈതൃകത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ വകവെച്ചുകൊടുത്തുകൂടാ. ഇപ്പോള്‍ തന്നെയും യൂത്ത് ലീഗ് അടക്കമുള്ളവര്‍ ഈ ആലോചനയോട് വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കാരണം അവരെക്കെ വര്‍ഷങ്ങളായി കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കിയ കാര്യങ്ങളോട് ഒറ്റയടിക്ക് തിരിഞ്ഞുചിന്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്.
ഈ സഖ്യ സാധ്യത നടക്കില്ല എന്ന് തന്നെയാണ് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നത്. കേവലം ഒരു ആലോചന മാത്രമാണ് നിലവില്‍ നടന്നിട്ടുള്ളത്. ആ ആലോചനയില്‍ നിന്നും മുസ്ലിം ലീഗ് നേതൃത്വം പിറകോട്ട് പോകുന്നതിന് വേണ്ടിയാണ് ഇത്ര തുടക്കത്തില്‍ തന്നെ ഞാന്‍ ലേഖനം എഴുതിയിട്ടുള്ളത്. ആ ആലോചന പുരോഗമിക്കണ്ട എന്ന ചിന്തയില്‍.
മുസ്ലിം ലീഗ് ഈ തീരുമാനവുമായി മുന്നോട്ടുപോയാല്‍ പിന്നീട് എന്തായിരിക്കും നിങ്ങളുടെ സമീപനം.
ജമാഅത്തെ ഇസ്ലാമി അവരുടെ അടിസ്ഥാന ആശയത്തില്‍ നിന്നും പിന്‍മാറാതെ അവരുമായി ഒരു വിട്ടുവീഴ്ചയ്ക്കും സമസ്ത ഒരു ഘട്ടത്തിലും തയ്യാറാവില്ല. മുജാഹിദുകളും ഞങ്ങളും തമ്മില്‍ ആചാരപരമായ ചില വ്യത്യാസങ്ങളാണുള്ളത് എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായിട്ടുള്ളത് ഗൗരവപരമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമാണ്. അതുകൊണ്ട് തന്നെ ലീഗ് അവരുമായി യോജിപ്പുണ്ടാക്കുന്നതിനെ ഏത് വിധേനയും എതിര്‍ക്കേണ്ടി വരും. വേറെ നിവൃത്തിയില്ല.
സുപ്രഭാതം പത്രത്തിലെ എന്റെ ലേഖനം ശദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ ചില നേതാക്കള്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ‘ഇത്രയും കാലം മുസ്ലിം ലീഗും സമസ്തയുമെല്ലാം നിങ്ങളെ അകറ്റി നിര്‍ത്തിയത് നിങ്ങള്‍ മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നതുകൊണ്ടാണെന്നും അതിനിയും തുടരേണ്ടി വരുമെന്നുമാണ്’ ഞാന്‍ അവരോട് പറഞ്ഞത്. അപ്പോള്‍ അവര്‍ മറുപടി പറഞ്ഞത് ‘ഞങ്ങള്‍ക്കിപ്പോള്‍ ആ നിലപാടില്ല’ എന്നാണ്. അപ്പോള്‍ പിന്നെ എന്താണ് മുസ്ലിം ലീഗ് പോലുള്ള സംഘടനകളില്‍ നിന്നും നിങ്ങളുടെ വ്യത്യാസമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിനവര്‍ക്ക് മറുപടിയൊന്നുമില്ല.
എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭാനന്തരം ഈ കാലത്ത് എല്ലാ മുസ്ലിങ്ങളും ഒന്നിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ താങ്കളെപ്പോലുള്ളവര്‍ അതിന് തുരങ്കം വെക്കുകയാണെന്നുമുള്ള അഭിപ്രായങ്ങളുണ്ടല്ലോ?
തീര്‍ച്ചയായും മുസ്ലിങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. പക്ഷേ, ജമാഅത്ത് രാഷ്ട്രീയത്തോട് സന്ധിചേര്‍ന്നുകൊണ്ടല്ല. കാരണം അവരുടെ രാഷ്ട്രീയം മുസ്ലിങ്ങള്‍ക്ക് കൂടി ഭീഷണിയാണ്.
മുമ്പ് നിങ്ങള്‍ നടത്തിയ ഒരു ബി.ജെ.പി അനുകൂല പ്രസ്താവന ഈ ഘട്ടത്തില്‍ വിവാദമായിരുന്നല്ലോ?
അടിസ്ഥാനരഹിതമായ ഒരു പ്രചരണമാണത്. ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി വരുന്ന സമയത്ത് എന്നോട് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ഞാന്‍ പറഞ്ഞ ദൈര്‍ഘ്യമുള്ള മറുപടിയില്‍ നിന്നും ഒരു ഭാഗം മാത്രം അടര്‍ത്തിമാറ്റി ജനം ടി.വി നല്‍കിയ വാര്‍ത്തയാണതിന്റെ അടിസ്ഥാനം. വിഷയത്തില്‍ ബി.ജെ.പിയോടുള്ള എതിര്‍പ്പുകള്‍ അറിയിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ ഞാന്‍ സ്വീകരിച്ചത്. പക്ഷേ ആ ഭാഗം മാത്രം ജനം ടി.വി നല്‍കി. അത് അവരുടെ തന്ത്രമായിരുന്നു. അന്ന് അത് ചര്‍ച്ചയായ ഘട്ടത്തില്‍ തന്നെ ഞാന്‍ വിശദീകരണം നല്‍കിയതുമാണ്.
താങ്കളുടെ ലേഖനം വന്നതിനെത്തുടര്‍ന്ന് മാധ്യമം പത്രത്തിലെ ഒരു പ്രധാനപ്പെട്ട ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ‘സമുദായ സംഘടനകളുടെ തലപ്പത്ത് സംഘികളെ ഇരുത്തിയാല്‍ ഇങ്ങനെയിരിക്കും എന്നാണ്’. ഇതിനോടുള്ള പ്രതികരണം?
ഇത്തരം നിലവാരമില്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എതിര്‍പ്പുകളോ വിയോജിപ്പുകളോ ഉന്നയിക്കുന്നവരെയെല്ലാം സംഘി എന്ന പട്ടം ചാര്‍ത്തുന്നതരത്തിലുള്ള സംസാരത്തോട് ഞാന്‍ എന്തുപറയാനാണ്. അത് അയാളുടെ സംസ്‌കാരം എന്ന് മാത്രം ഞാന്‍ മനസ്സിലാക്കുന്നു. സംഘി എന്താണെന്നും മുസ്ലിം എന്താണെന്നും അയാള്‍ക്കൊരു ബോധ്യവുമില്ല എന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം നിലവാരമുള്ള ഒരാള്‍ എങ്ങിനെ ഒരു പത്രത്തിലെ പ്രധാനപ്പെട്ട ലേഖകനായി എന്നതില്‍ മാത്രമാണ് എനിക്കത്ഭുതം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ