| Friday, 19th August 2022, 1:34 pm

മാളിയേക്കൽ മറിയുമ്മയും മാപ്പിള മുസ്‌ലിങ്ങളുടെ ഇംഗ്ലിഷ് പ്രാവീണ്യവും

ഉമൈർ ചെറുമുറ്റം

‘പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ലജ്ജിക്കത്തക്ക യാതൊരു പാരമ്പര്യവും നമുക്കില്ല’ – മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്

ഈയിടെ മരണപ്പെട്ട തലശ്ശേരി മാളിയേക്കല്‍ മറിയുമ്മയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ആധുനിക വിദ്യാഭ്യാസവുമായുള്ള മലയാളി മുസ്‌ലിങ്ങളുടെ ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ചയായി വികസിച്ചുവരുന്നത് ശുഭകരമായ കാര്യമാണ്. മലയാളി മുസ്‌ലിങ്ങളുടെ വൈജ്ഞാനിക ചരിത്രത്തെ കുറിച്ച് നിലവിലുള്ള ചരിത്രരചനാ രീതി ശാസ്ത്രങ്ങളുടെ പരിമിതികളെ അടുത്തറിയാനും, പുതുക്കിപ്പണിയാനും കുറേക്കൂടി വിശാലമായ ധൈഷണിക സാമൂഹിക ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കാനും ഈ ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

കേരള ചരിത്രത്തെ നവീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യാന്‍ ശേഷിയുള്ള പുതിയ ആര്‍ക്കൈവുകളുടെ കണ്ടെത്തലുകള്‍ മലയാളിയുടെ ഭൂതകാലത്തെ കുറിച്ചുള്ള നമ്മുടെ സാമാന്യ ധാരണകളെ വലിയ തോതില്‍ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുന്ന പൊതു പശ്ചാത്തലത്തില്‍ കൂടി നിന്നുവേണം മലയാളി മുസ്‌ലിം ചരിത്രത്തിലേക്ക് കൂടുതല്‍ കാറ്റും വെളിച്ചവും കടത്തിവിടുന്ന പുതിയ തലമുറ ചരിത്ര ഗവേഷകരുടെ പരിശ്രമങ്ങളെയും കാണാന്‍.

യാഥാസ്ഥിതികം – പുരോഗമനപരം എന്നീ ദ്വന്ദങ്ങളില്‍ കുരുങ്ങി മുസ്‌ലിം ഭൂതകാലത്തെ വായിക്കാനുള്ള ശ്രമങ്ങള്‍ മലയാളി മുസ്‌ലിം ചരിത്രരചനാ രീതി ശാസ്ത്രത്തിലെ ഒരു പ്രബലധാരയാണ്. ആ ധാരയെ സാധ്യമാക്കുകയും പ്രബലപ്പെടുത്തുകയും മുഖ്യധാരാവത്കരിക്കുകയും ചെയ്ത നിരവധി ഘടകങ്ങള്‍ ഉണ്ട്. ഇവയെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് പുതിയ ചരിത്ര ചിന്തകളും രചനാ ശാസ്ത്രങ്ങളും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍, മലയാളി മുസ്‌ലിങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇന്ന് സൗത്ത് ഏഷ്യന്‍ പഠനത്തിലെ തന്നെ പ്രബല വിഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല, സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെയും ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസിന്റെയും തന്നെ അലകും പിടിയും പുതുക്കിപ്പണിയുന്ന താരത്തിലുള്ള സ്വീകാര്യത അവ നേടിക്കഴിഞ്ഞിട്ടുമുണ്ട്.

മാളിയേക്കല്‍ മറിയുമ്മ

എന്നാല്‍ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള സഹനശക്തി യാഥാസ്ഥിതികം – പുരോഗമനപരം ദ്വന്ദത്തില്‍ പണിത ചരിത്ര രചനാ രീതി ശാസ്ത്രത്തിന്റെ സുഖഗുണങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നവര്‍ ഇനിയും കൈവരിച്ചിട്ടില്ല. ആ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് മാളിയേക്കല്‍ മറിയുമ്മയുടെ അനുസ്മരണത്തിന്റെ ഭാഗമായി മുസ്‌ലിങ്ങള്‍ക്കിടയിലെ പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്നവര്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍.

യാഥാസ്ഥിതികം- പുരോഗമനപരം ദ്വന്ദത്തിന്റെ അധികാര ബന്ധത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി സംഘടനകളെയും സ്ഥാപനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അവയുത്പാദിപ്പിച്ച കരിയറുകളെയും ആശ്രയിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ/ ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസിലെ ഈ പുതിയ ടേണ്‍ അസഹനീയമാവുക സ്വാഭാവികമാണ്. അധികാര ബന്ധങ്ങളുടെ പരിലാളനയില്‍ ഒളിപ്പിച്ചുവെച്ച ആര്‍ക്കൈവുകളുടെ വരവിനെ തമസ്‌കരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി അത്തരം അസഹനീയതകളെ കാണാവുന്നതേയുള്ളൂ.

‘യാഥാസ്ഥിക മുസ്‌ലിം പണ്ഡിതന്മാരുടെ ഇംഗ്ലീഷ് ഭാഷാ വിരോധം’, അതിനെ മറികടന്നുകൊണ്ടുള്ള മാളിയേക്കല്‍ മറിയുമ്മയുടെതു പോലുള്ളവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, തുടങ്ങിയ അലങ്കാരബഹുലമായ അതിശയോക്തികളെ മറികടക്കുന്ന ധാരാളം വിവരങ്ങളും അവക്ക് ഉപോത്ബലകമായ തെളിവുകളും നിരവധി ചരിത്ര വിദ്യാര്‍ഥികള്‍ സമീപകാലത്ത് കൊണ്ട് വന്നിട്ടുണ്ട്. യാഥാസ്ഥിതികരുടെ ഇംഗ്ലീഷ് ഭാഷാ വിരോധം എന്ന ആരോപണത്തിനുള്ള മറുപടിയായല്ല ഇത്തരം വിവരങ്ങളെ കാണേണ്ടത്. ഭാഷാ പഠനത്തോടും ആധുനികമെന്ന് വിവക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളോടും വിവിധ സമൂഹങ്ങള്‍, വിവിധ കാലങ്ങളില്‍ സ്വീകരിച്ച വ്യത്യസ്തവും വിപുലവും ചിലപ്പോഴെങ്കിലും വൈരുധ്യം നിറഞ്ഞതുമായ സമീപനങ്ങളെ സംഘടനാപരമായ മാത്സര്യ ബുദ്ധികളുടെ ഭാഗമായല്ല ചരിത്ര-സാമൂഹ്യ പഠന വിദ്യാര്‍ഥികള്‍ കാണുന്നതും മനസ്സിലാക്കുന്നതും.

അതിനപ്പുറം ആ നിലപാടുകളെ അതാത് സാമൂഹിക വിഭാഗങ്ങളുടെ വ്യത്യസ്ത കാല-ദേശ പശ്ചാത്തലങ്ങളില്‍ നിന്നും മനസ്സിലാക്കാനാണ്. സാമൂഹിക ശാസ്ത്രപരമായ ആ സൂക്ഷമത ഇല്ലാത്തതു കൊണ്ടാണ്, ആധുനികതയെ തിരസ്‌കരിക്കണോ അതോ സ്വീകരിക്കണമോ എന്ന വിഷയത്തില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ നടന്ന സംവാദത്തിന്റെ തുടര്‍ച്ചയാണ് ഈ വിവാദങ്ങളൊക്കെ എന്ന് മുജീബുറഹ്മാന്‍ കിനാലൂരിനെ പോലുള്ളവര്‍ക്ക് ഇക്കാലത്തും ചോദിക്കേണ്ടി വരുന്നത്.

മുജീബുറഹ്മാന്‍ കിനാലൂര്‍

ആധുനികതയെയും പാരമ്പര്യത്തെയും വിവിധ സമൂഹങ്ങള്‍ എങ്ങനെയാണ് അനുഭവിച്ചത് എന്ന കുറേക്കൂടി എക്‌സ്‌പ്ലൊറേറ്ററി സ്വഭാവമുള്ള അന്വേഷണമായിരിക്കും ചരിത്രത്തെയും സാമൂഹ്യ ശാസ്ത്രത്തെയും സജീവമായ പഠന മേഖലകള്‍ ആയി സ്വീകരിക്കുന്നവര്‍ക്ക് കൂടുതല്‍ അഭികാമ്യം. അത് തന്നെയായിരിക്കും സമുദായത്തിനകത്ത് സക്രിയമായി ഇടപെടണം എന്നാഗ്രഹിക്കുന്നവരും ഏറ്റെടുക്കേണ്ട അന്വേഷണം. കേരളത്തില്‍ നിലവിലുള്ള സംഘടനാപരമായ വാശികളുടെ പുറത്ത് പഠനവും ജോലിയും സാമൂഹ്യ പ്രവര്‍ത്തനവും കെട്ടിപ്പടുത്തവരില്‍ നിന്നും അത്തരം സമീപനങ്ങള്‍ പ്രതീക്ഷിക്കുന്നത് നിരാശാജനകമായിരിക്കും.

കേരളത്തിലെ സലഫി ചരിത്രരചനാ രീതി ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെയും അതിന്റെ സന്നിഗ്ധതകളുടെയും ഏച്ചുകെട്ടലുകളുടെയും മുഴച്ചു നില്‍പ്പുകളുടെയും മികച്ച ഉദാഹരണമാണ് അത്തരം പ്രചരണങ്ങള്‍. അവര്‍ക്ക് എല്ലാം 1921ന്റെയും കൊടുങ്ങല്ലൂരിന്റെയും പരിസരത്തു നിന്നും തുടങ്ങണം.

അതിനപ്പുറത്തേക്ക് ഇരുട്ട് ബാധിച്ച ഒരു ഭൂഖണ്ഡമായാണ് ഇവര്‍ മാപ്പിള മുസ്‌ലിം ചരിത്രത്തെ കാണുന്നത്. സാര്‍വത്രിക വിദ്യാഭ്യാസത്തിനെതിരെ ശബ്ദിച്ച സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയായ വക്കം മൗലവിയുടെയും സ്ത്രീ വീടിന്റെ ഉമ്മറത്തിനപ്പുറത്തേക്ക് പോലും പോകരുതെന്ന് ഫത്വ ഇറക്കിയ മക്തി തങ്ങളെയും കൂട്ടുപിടിച്ചാണ് പരിഷ്‌കരണ വാദികളായ ചരിത്രകാരന്മാര്‍ ഈ ദുര്‍ബല പോരാട്ടം നടത്തുന്നത് എന്നതാണ് പക്ഷെ മറ്റൊരു വിരോധാഭാസം.

വക്കം മൗലവി

പാരമ്പര്യ മുസ്‌ലിങ്ങളെ അപരിഷ്‌കൃതരാക്കി ഉണ്ടാക്കിയെടുത്തതാണ് കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ കൊണ്ടാടപ്പെട്ട മുസ്‌ലിം നവോത്ഥാനം. അപരത്വവല്‍ക്കരണമായിരുന്നു ആ ‘നവോത്ഥാന പാരമ്പര്യത്തിന്റെ’ എക്കാലത്തെയും തുറുപ്പുചീട്ട്. ചരിത്ര ബോധമുള്ളവര്‍ പക്ഷെ അവയെ എക്കാലത്തും തള്ളിക്കളഞ്ഞിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്ന പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ക്കെതിരെ തിരുവിതാംകൂറിലെ സലഫി നേതാക്കളുടെ നേതൃത്വത്തില്‍ ഫയല്‍ ചെയ്ത കേസ്.

തിരുവിതാംകൂര്‍ രാജാവിന് കീഴിലെ ഉദ്യോഗസ്ഥനായിരുന്ന ഇബ്രാഹിം സാഹിബിന്റെ ക്ഷണം സ്വീകരിച്ചു തിരുവനന്തപുരത്ത് നടന്ന സുന്നി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാന്‍ പോയ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെ ലഹളക്കാരനും വിദ്യാഭ്യാസ വിരോധിയുമാണ് എന്നാക്ഷേപിച്ചു അറസ്റ്റ് ചെയ്യിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നു. ഇംഗ്ലണ്ട് സന്ദര്‍ശിക്കാന്‍ പോയ രാജാവിന്റെ അഭാവത്തില്‍ ദിവാനായിരുന്നു ഭരണ ചുമതല. പരാതികിട്ടിയ ഉടനെ പാങ്ങിലിനെ വീട്ടുതടങ്കലില്‍ വെക്കാന്‍ ദിവാന്‍ ഉത്തരവിട്ടു. എന്നാല്‍ പരിപാടിയുടെ സ്വാഗത ഭാരവാഹിയായിരുന്ന ഇബ്രാഹിം സാഹിബിന്റെ ഇടപെടലിലൂടെ ഹരജി ഉടനെ വിചാരണക്ക് വെപ്പിച്ചു.

പാങ്ങിലിന്റെ സെക്രട്ടറി കൂടിയായിരുന്ന മാമുക്കോയ സാഹിബ് കോടതിയില്‍ ഹാജരായി. പരാതിയില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടോ എന്ന ചോദ്യത്തിനു തിരുവിതാംകൂറില്‍ നടത്താന്‍ നേരത്തെ കോഴിക്കോട് വെച്ചു തന്നെ എഴുതി തയ്യാറാക്കിയ അധ്യക്ഷ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി മാമുക്കോയ കോടതിയില്‍ ഹാജരാക്കി. ആക്ഷേപങ്ങള്‍ക്കെല്ലാമുള്ള മറുപടി ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് മാമുക്കോയക്ക് കൂടുതല്‍ വിശദീകരണം നല്‍കേണ്ടി വന്നില്ല. പ്രസംഗം കോടതി ശ്രദ്ധാപൂര്‍വം വയ്ക്കണമെന്ന അപേക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇംഗ്‌ളീഷില്‍ ആയിരുന്നു ഈ വാദങ്ങളെല്ലാം മാമുക്കോയ സാഹിബ് അവതരിപ്പിച്ചത്.

പ്രസംഗം ശ്രദ്ധാപൂര്‍വം വായിച്ച കോടതി, ഈ പണ്ഡിതന്മാര്‍ ഇംഗ്ലീഷ് ഭാഷാ വിരോധികള്‍ ആണോ എന്നു ചോദിച്ചു. ആ ചോദ്യത്തിന് ഇങ്ങനെ ആയിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി പാങ്ങിലിന്റെ സെക്രട്ടറിയുടെ മറുപടി.

‘എന്റെ നേതാക്കളില്‍ പെട്ട ആളാണ് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍. ഒരു മുസ്‌ലിം എന്ന നിലക്ക് അദ്ദേഹത്തിന്റെ നിലപാടുകള്‍ ആണ് എന്റേതും. ഇംഗ്ലീഷ് ഭാഷ പഠിക്കരുത് എന്നൊരു നിലപാട് ഈ പണ്ഡിതന്മാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാനും അക്കാര്യം സ്വീകരിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും നിങ്ങളോടു ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത് എന്നതു തന്നെയാണ് ഈ ആക്ഷേപത്തിനുള്ള മറുപടി’.

മാമുക്കോയയുടെ മറുപടി കേട്ട ജഡ്ജി വെരിഗുഡ് വെരിഗുഡ് എന്ന് മേശയിലടിച്ചു കൊണ്ടാണ് വിധി എഴുതിയത്. പാങ്ങിലിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു ആ വിധി. മാമുക്കോയയില്‍ ഇക്കാര്യങ്ങള്‍ നേരിട്ടുകേട്ട കെ.എം. മുഹമ്മദ് കോയ മാത്തോട്ടം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെ കുറിച്ചുള്ള തന്റെ അനുസ്മരണത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് മഹത്തരമായ കാര്യമായതു കൊണ്ടോ, പാരമ്പര്യ മുസ്‌ലിങ്ങള്‍ ഇംഗ്ലീഷ് ഭാഷാ വിരോധികളാണ് എന്ന ആക്ഷേപത്തിനുള്ള മറുപടിയായോ, ഇംഗ്ലീഷ് ഭാഷാ പഠനം പ്രശ്‌നരഹിതമായ ഒരേര്‍പ്പാടാണ് എന്നു പറയാനോ അല്ല ഇതിവിടെ എഴുതിയത്. മറിച്ച്, 1920കളില്‍ സലഫികള്‍ ചെയ്ത അതേ കളികള്‍ തന്നെയാണ് മുജീബ്‌ റഹ്മാനെ പോലുള്ളവര്‍ ഇപ്പോഴും തുടരുന്നത് എന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ്.

ഇംഗ്ലീഷ് ഭാഷാ വിരോധം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല, മതപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു എന്നു പറയുന്നവര്‍ പാങ്ങിലിന്റെയും മാമുക്കോയയുടെയും ഇംഗ്ലീഷിനെ, അവരുടെ മതത്തെ എവിടെ കൊണ്ടുപോയി ഇടും? ഇനി ഏറ്റവും ചുരുങ്ങിയത് ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ കാര്യത്തില്‍ എങ്കിലും മതപരം, രാഷ്ട്രീയപരം എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ അത്ര ലളിതമാണോ, ഇംഗ്ലീഷ് ഭാഷാ പഠനത്തെ ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് ഇന്ത്യയില്‍ സംവിധാനിച്ചത്, അതിനോട് വിവിധ മത സാമൂഹിക വിഭാഗങ്ങളുടെ പ്രതികരണം എന്തായിരുന്നു, പുരോഗമനം- യാഥാസ്ഥിതികം എന്ന ദ്വന്ദത്തില്‍ നിന്നുകൊണ്ടായിരുന്നോ ഈ സമൂഹങ്ങള്‍ അതിനെ സമീപിച്ചത്, തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ഇംഗ്ലീഷ് പഠനത്തിന്റെ ചരിത്രത്തെ കുറിച്ചും, അതിനു മതമാറ്റവുമായുള്ള ബന്ധത്തെ കുറിച്ചും ഗൗരി വിശ്വനാഥനെയും (കൊളംബിയ യൂണിവേഴ്സിറ്റിയില്‍ എഡ്വേഡ് സൈദിനു കീഴിലായിരുന്നു ഗൗരി ഈ പഠനം പൂര്‍ത്തിയാക്കിയത്) ബെര്‍ണാഡ് കൊഹനെയും പോലുള്ള ചരിത്രകാരന്മാരുടെ (പ്രത്യേകിച്ചും കൊളോണിയലിസം ആന്‍ഡ് ഇറ്റ്‌സ് ഫോംസ് ഓഫ് നോളേജ്) പഠനങ്ങള്‍ സഹായിക്കും.

സാങ്കല്‍പികമായ ഫത്വകള്‍ വെച്ച് സുന്നികളെ അപരവത്കരിക്കുന്നവര്‍, ആ അപരവല്‍ക്കരണത്തിന്റെ മാത്രം ബലത്തില്‍ പുരോഗമനാത്മക പരിവേഷം കെട്ടുന്നവര്‍, ഒരു ഭാഷയെ അല്ല, മറിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിങ്ങളെയും നരകത്തില്‍ തള്ളിയിട്ടാണല്ലോ (സലഫി സംഘടനകളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സുന്നികള്‍ നരകാവകാശികളായ, ശിര്‍ക്ക് പ്രവര്‍ത്തിക്കുന്ന ബഹുദൈവ ആരാധകര്‍ ആണ്) കേരളത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സുന്നികള്‍ എപ്പോഴാണ് ഇംഗ്ലീഷിനെ നരകത്തില്‍ നിന്നും മോചിപ്പിച്ചത് എന്ന് ചോദിച്ച് ആ പുരോഗമന നാട്യം അഭിനയിക്കും മുന്‍പേ, സുന്നികളെ എപ്പോഴാണ് സലഫികള്‍ നരകത്തില്‍ നിന്നും മോചിപ്പിക്കുക എന്നു പറഞ്ഞുതന്നാല്‍ നന്നായിരുന്നു. സുന്നികള്‍ നരക മോചിതരായിട്ടു വേണമല്ലോ അവരുടെ ഭാഷക്കും നരകത്തില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍.

Content Highlight: Umair Cherumuttam about the English education among Muslims in Kerala in the backdrop of Maliyekkal Mariyumma’s death

ഉമൈർ ചെറുമുറ്റം

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ പൂർത്തികരിച്ചിട്ടുണ്ട്. മലബാർ സമരം രക്തസാക്ഷി നിഘണ്ടു എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററുമാണ് ലേഖകൻ.

We use cookies to give you the best possible experience. Learn more