തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടിയെപ്പോലെ എനിക്കും തിരിച്ചറിയാനാകും: ഉമ തോമസ്
Kerala News
തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടിയെപ്പോലെ എനിക്കും തിരിച്ചറിയാനാകും: ഉമ തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 6:23 pm

കൊച്ചി: തൃക്കാക്കര മണ്ഡലം തന്റെ സ്വന്തം സ്ഥലമാണെന്ന് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ഉമ തോമസ്. തൃക്കാക്കരയിലെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ടെന്നും അവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകുമെന്നും ഉമ തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമയുടെ പ്രതികരണം.

‘പ്രിയപ്പെട്ടവരെ, പി.ടി. കണ്ട വികസന സ്വപ്നങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍
കോണ്‍ഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്.

പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തില്‍ ചേര്‍ത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര .
അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്,’ ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വികസനത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകള്‍ പിന്തുടര്‍ന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര.

മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക- സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കല്‍ തുടങ്ങി
എല്ലാ വിഷയങ്ങളിലും ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനമാണ് എന്റെ ലക്ഷ്യം.
ആ ലക്ഷ്യത്തിലേക്ക് നടക്കാന്‍ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും അനുഗ്രഹവും വേണമെന്നും ഉമ പറഞ്ഞു.

‘തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും.
നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്.

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ‘കൈ’ അടയാളത്തിലാണ് ഞാന്‍ മത്സരിക്കുന്നത്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍
ഓരോ വോട്ടും നിര്‍ണായകമാണ് എന്നറിയാമല്ലോ. ഹൃദയംകൊണ്ട് ഞാനത് ചോദിക്കുകയാണ്.
പി.ടി. നല്‍കിയ സ്‌നേഹവും കരുതലും
എനിക്കും നിങ്ങള്‍ നല്‍കുമെന്ന് ഉറപ്പുണ്ട്. തൃക്കാക്കരയ്ക്ക് വികസനത്തിന്റെ തിളക്കവും കരുതലിന്റെ കൈത്താങ്ങുമാകാന്‍
നമുക്കൊരുമിച്ചു മുന്നോട്ട് നീങ്ങാം.
സ്‌നേഹത്തോടെ,’ ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Uma Thomas, UDF candidate in the by-election, said that Thrikkakara constituency is her own place