തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസ്. അന്തരിച്ച എ.എല്‍.എ പി.ടി. തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.
തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. ഉമയുടെ പേര് ഹൈക്കമാന്‍ഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ദല്‍ഹിയില്‍ നിന്നുമാവും ഉണ്ടാവുക.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാകുമെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ തന്നെ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതുവികാരമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ എതിരഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അനാവശ്യ ചര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നായിരുന്നു വി. ഡി. സതീശന്റെ നിലപാട്.
ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസന്റേഷന്‍ അടക്കമുള്ളവര്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ടെങ്കിലും വിമത സ്വരത്തിന് ഇടം നല്‍കാതെ പ്രതിഷേധം അനുനയിപ്പിക്കാനാവും കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുക.
പി.ടി. തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സര രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കെ.പി.സി.സി കണക്കൂകൂട്ടുന്നു.
മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 3ന് ഫലം പ്രഖ്യാപിക്കും.