| Monday, 23rd May 2022, 9:17 pm

പി.ടിയെ പോലെ അതിജീവിതയ്‌ക്കൊപ്പം; സ്ത്രീവിരുദ്ധ സര്‍ക്കാരിനെതിരെ തൃക്കാക്കരയില്‍ വിധിയെഴുത്തുണ്ടാകും: ഉമ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരണവുമായി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്.

സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ലെന്നും പല കാര്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നതെന്നും ഉമ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള്‍ അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം.
അതുകൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും, അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും.

പി.ടി. അതിജീവിതയ്ക്ക് വേണ്ടി നിലപാട് എടുത്തയാളാണ്.
തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്.
കുറ്റവാളികള്‍ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി എല്ലാ പിന്തുണയും അതിജീവിതയ്ക്ക് നല്‍കുമെന്നും ഉമ തോമസ് പറഞ്ഞു.

മഞ്ഞക്കുറ്റി അടിക്കുമ്പോള്‍ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ന്യായം കണ്ടെത്താന്‍ പറ്റാത്ത സര്‍ക്കാരാണ് ഇത്. സ്ത്രീകള്‍ക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല. സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ തൃക്കാക്കര ഇലക്ഷനില്‍ വിധിയെഴുത്ത് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്.

ഇത് കേവലം ഒരു തെരഞ്ഞെടുപ്പിന്റെ മാത്രം വിഷയമല്ല.
എന്റെ നിലപാട് സ്ത്രീപക്ഷമാണ്. ഞാന്‍ പെണ്‍കുട്ടികളുടെ കൂടെയാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും തന്റെ നിലപാടെന്നും ഉമ തോമസ് വ്യക്തമാക്കി.

‘ഈ കേസില്‍ എനിക്ക് മുമ്പേ സംശയമുണ്ട്. പി.ടിയുടെ മൊഴി എടുക്കുമ്പോഴേ പി.ടി എന്നോട് പറഞ്ഞിട്ടുണ്ട് ആ പെണ്‍കുട്ടിക്ക് സത്യസന്ധമായ നീതി ലഭിക്കുമെന്ന് സംശയമുണ്ടെന്ന്.

അത് തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. തീര്‍ച്ചയായും നീതി കിട്ടണം.
അതിജീവിതയുടെ കൂടെ ഞാനും ഉണ്ട്,’ ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹരജിയില്‍ ആരോപിക്കുന്നു. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയെന്നും അതിജീവിത ഹരജിയില്‍ പറഞ്ഞു.

 CONTENT HIGHLIGHTS: Uma Thomas says Thrikkakara verdict against anti-women government

We use cookies to give you the best possible experience. Learn more