തിരുവനന്തപുരം: സി.ഇ.ടി കോളേജില്‍ നടന്ന സദാചാര ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ എല്ലാം തെറ്റായ രീതിയിലൂടെ കാണുന്ന സമൂഹത്തിന്റെ ചിന്താഗതിയിലാണ് മാറ്റം വരുത്തേണ്ടതെന്ന് ഉമ മോതസ് എം.എല്‍.എ. സി.ഇ.ടി കോളേജിലെ ബസ് സ്‌റ്റോപ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നായിരുന്നു ഉമാ തോമസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കോളേജിലെ കെ.എസ്.യു യൂണിറ്റ് നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ്.
ജന്‍ഡര്‍ ഇക്വാലിറ്റിയെയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് പറഞ്ഞു. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സി.ഇ.ടി കോളേജിലെ സദാചാരവാദികളുടെ ആക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം.
സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കോളേജിന് മുന്നിലുള്ള വെയ്റ്റിങ് ഷെഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചിരുന്നു.
വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടുത്തടുത്ത് ഇരിക്കുന്നതില്‍ അസ്വസ്ഥരായ ചില കപടസദാചാരവാദികള്‍ ഇരിപ്പിടങ്ങള്‍ തകര്‍ത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാര്‍ഹമാണ്. എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
Content Highlight: Uma thomas says the act of students are to be appreciated