| Friday, 3rd June 2022, 1:39 pm

99ല്‍ നിര്‍ത്തുമെന്ന് അന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു: ഉമ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.ടി. പകര്‍ന്നുനല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് ഉമ തോമസ്. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും തന്നിലര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്നും ഉമ തോമസ് പറഞ്ഞു

‘തൃക്കാക്കരക്ക് നന്ദി. ഇത് യു.ഡി.എഫിന്റെ ഉജ്വല വിജയമാണ്. ഇത് ചരിത്ര വിജയമാണ്. ഈ ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണിത്. 100 തികയ്ക്കാനുള്ള ഒരു സൗഭാഗ്യമായി മുഖ്യമന്ത്രി ഇതിനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ പറഞ്ഞതാണ്. 99ല്‍ തന്നെ അത് നിര്‍ത്തുമെന്ന്. ഞാന്‍ അത് പാലിച്ചു.

ഇത് കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകര്‍ന്നു നല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് ഈ വിജയം. തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു.

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു. എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലര്‍പ്പിച്ച വിശ്വാസംനിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു,’ ഉമ തോമസ് പറഞ്ഞു.

അതേസമയം, ഉമ തോമസിന് അഭിനന്ദവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് രംഗത്തെത്തി. ജനഹിതം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘വിജയിക്ക് അനുമോദനം നേരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കും.നിലപാടുകള്‍ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്. അത് പരിശോധിക്കും,’ ജോ ജോസഫ് പറഞ്ഞു.

CONTENT HIGHLIGHTS: Uma Thomas sayas  I kept my word that I would stop at 99 in ldf seat

We use cookies to give you the best possible experience. Learn more