കൊച്ചി: തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിന് ആധികാരിക വിജയം. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 25,112മാണ് ഉമ തോമസിന്റെ ഭൂരിപക്ഷം.
ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്.
പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ ഉമ തോമസിന്റെ ഭൂരിപക്ഷം കാൽലക്ഷം കടന്നിരുന്നു. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്.
ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ.എൻ. രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.