| Wednesday, 15th March 2023, 5:46 pm

ദേശാഭിമാനി എനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കും: ഉമ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി ഉമ തോമസ് എം.എല്‍.എ.

‘മാലിന്യസംസ്‌കരണം സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കണമെന്ന് ഉമ തോമസിനോട് കോടതി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തക്കെതിരെയാണ് ഉമ തോമസ് രംഗത്തെത്തിയത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും എഴുതി വിടുന്ന ദേശാഭിമാനി ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഹൈക്കോടതിക്ക് എതിരെ വരെ വ്യാജ വാര്‍ത്തകള്‍ നിരത്തുന്ന രീതിയിലേക്ക് അധപതിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ഉമ തോമസ് അറിയിച്ചു.

‘ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്ന ജനപ്രതിനിധികളെയും നേതാക്കളെയും വ്യാജവാര്‍ത്തകളിലൂടെ അപമാനിക്കാനുള്ള സി.പി.ഐ.എം ഗൂഢാലോചനയെ നിയമപരമായി നേരിടും.

ബ്രഹ്മപുരം തീപിടുത്തത്തില്‍ സത്വര നടപടി ആവിശ്യപ്പെട്ട് ഞാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ കോടതി എനിക്കെതിരെ പരാമര്‍ശം നടത്തിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ സി.പി.ഐ.എം മുഖപത്രം വാര്‍ത്ത പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രത്തിന് വക്കീല്‍ നോട്ടീസ് അയക്കും.

ബ്രഹ്മപുരത്തെ ദുരന്തവുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍, എന്റെ സ്വന്തം മണ്ഡലം അല്ലാതിരിന്നിട്ടുകൂടിയും വിഷയത്തില്‍ പ്രതികരിച്ചതിനും ഉത്കണ്ഠ രേഖപെടുത്തിയതിനും എന്റെ പ്രയത്‌നത്തെ കോടതി പ്രത്യേകമായി പ്രശംസിക്കുകയും, നിലവിലെ കോടതി നടപടിക്രമങ്ങളില്‍ എന്നെ കൂടി ഉള്‍പ്പെടുത്തും എന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ കോടതി ചില നിര്‍ദേശങ്ങള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും, എറണാകുളം ജില്ല കളക്ടര്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ട്.

കേസ് തുടര്‍ നടപടികള്‍ക്കായി 21ന് വീണ്ടും പരിഗണിക്കും.
വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സി.പി.ഐ.എം പത്രത്തിന്റെ ഗൂഡാലോചനയാണ് വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍,’ ഉമ തോമസ് പറഞ്ഞു.

Content Highlight: Uma Thomas MLA alleges that CPIM mouthpiece Deshabhimani has given false news against her on the Brahmapuram issue

We use cookies to give you the best possible experience. Learn more