തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി ഉമ തോമസ് എം.എല്‍.എ.
‘മാലിന്യസംസ്‌കരണം സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കണമെന്ന് ഉമ തോമസിനോട് കോടതി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തക്കെതിരെയാണ് ഉമ തോമസ് രംഗത്തെത്തിയത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും എഴുതി വിടുന്ന ദേശാഭിമാനി ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഹൈക്കോടതിക്ക് എതിരെ വരെ വ്യാജ വാര്‍ത്തകള്‍ നിരത്തുന്ന രീതിയിലേക്ക് അധപതിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ഉമ തോമസ് അറിയിച്ചു.
‘ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്ന ജനപ്രതിനിധികളെയും നേതാക്കളെയും വ്യാജവാര്‍ത്തകളിലൂടെ അപമാനിക്കാനുള്ള സി.പി.ഐ.എം ഗൂഢാലോചനയെ നിയമപരമായി നേരിടും.
ബ്രഹ്മപുരം തീപിടുത്തത്തില്‍ സത്വര നടപടി ആവിശ്യപ്പെട്ട് ഞാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ കോടതി എനിക്കെതിരെ പരാമര്‍ശം നടത്തിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ സി.പി.ഐ.എം മുഖപത്രം വാര്‍ത്ത പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രത്തിന് വക്കീല്‍ നോട്ടീസ് അയക്കും.