കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയില്‍ നിന്ന് വീണ് ഗുരുതമായി പരിക്കേറ്റ എം.എല്‍.എ ഉമ തോമസ് വെന്റിലേറ്ററില്‍. എം.എല്‍.എയുടെ തലച്ചോറിനും ശ്വാസകോശത്തിലും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ടെന്ന് വിദഗ്‌ധ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
ആരോഗ്യനില തൃപ്തികരമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും 24 മണിക്കൂറിനുള്ളില്‍ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
ഉടനടി ശസ്ത്രക്രിയകള്‍ വേണ്ടതില്ലെന്നും ആന്തരിക രക്തസ്രാവമില്ലെന്നും ശ്വാസകോശത്തില്‍ ചെറിയ തോതില്‍ രക്തം കട്ടയായിട്ടുണ്ടെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി പറഞ്ഞു.
എം.എല്‍.എ അബോധാവസ്ഥയില്‍ തുടരുകയാണ്. എറണാകുളം റിനൈ മെഡിസിറ്റിയിലാണ് എം.എല്‍.എയെ പ്രാഥമിക ചികിത്സക്കായി എത്തിച്ചത്. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സി.ടി സ്‌കാന്‍ ഉള്‍പ്പെടെ നടത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.