കൊച്ചി: കെ.വി.തോമസ് തനിക്കെതിരെ പറയില്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കെ.വി.തോമസ് തങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങള്‍ തമ്മിലുള്ള കുടുംബ ബന്ധം അത്രക്കുമുണ്ട്. ഞാന്‍ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണില്‍ വിളിച്ചിരുന്നു. മാഷ് വേറെ ഫോണില്‍ ആയതിനാല്‍ മാഷിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാന്‍ പറ്റില്ല. ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് എല്ലാവരും കൂട്ടായി നില്‍ക്കും’ഉമ തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ തീരുമാനിച്ചതില്‍ എതിര്‍പ്പുമായി കെ.വി. തോമസ് രംഗത്തെത്തിയിരുന്നു.
ഉമയുമായി നല്ല ബന്ധമാണുള്ളതെന്ന് കെ.വി. തോമസ് പറഞ്ഞു. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അത് വ്യക്തിപരമാണ്, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് വികസനമാണ്. കെ റെയില്‍ അന്ധമായി എതിര്‍ക്കരുതെന്ന് ആദ്യം പറഞ്ഞിരുന്നു. കേരളത്തില്‍ വികസനമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും കെ.വി. തോമസ് പറഞ്ഞു. വികസന കാര്യം എവിടെയാണ് പറയാന്‍ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും. കോണ്‍ഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു.
താന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ക്ക് പറയാനാകില്ല.കോണ്‍ഗ്രസിന്റെ വികാരവും കാഴ്ചപ്പാടും ഉള്‍കൊള്ളുന്നു. സീറ്റ് നല്‍കാതെ ആക്ഷേപിച്ചിട്ടും പാര്‍ട്ടി വിട്ടുപോയിട്ടില്ല. താന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന രാഷ്ട്രീയക്കാരനാണ്. അംഗത്വം പുതുക്കിയത് കോണ്‍ഗ്രസുകാരനായത് കൊണ്ടാണെന്നും കെ.വി. തോമസ് പറഞ്ഞു.
പി.ടി. തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സര രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കെ.പി.സി.സി കണക്കൂകൂട്ടുന്നു.
തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ തന്നെ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതുവികാരമുണ്ടായിരുന്നെന്ന് വി. ഡി. സതീശന്‍ പറഞ്ഞിരുന്നു.