| Wednesday, 5th August 2020, 12:05 pm

ഭൂമി പൂജയില്‍ നിന്നും 'വിട്ടുനില്‍ക്കും' എന്നറിയിച്ച ഉമാഭാരതി അയോധ്യയിലെത്തി; ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിനാലെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: നരേന്ദ്ര മോദിയുടെ അടക്കമുള്ള ആളുകളുടെ സുരക്ഷയോര്‍ത്ത് അയോധ്യയുടെ ഭൂമി പൂജയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നറിയിച്ച ബി.ജെ.പി നേതാവ് ഉമാഭാരതി ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഒരു മുതിര്‍ന്ന രാം ജന്മഭൂമി ഉദ്യോഗസ്ഥന്‍ തന്നോട് പങ്കെടുക്കണമെന്ന് പറഞ്ഞതിനാലാണ് സ്ഥലത്തെത്തുന്നതെന്ന് ഉമാഭാരതി ട്വീറ്റ് ചെയ്തു.

‘മര്യാദ പുരുഷോത്തമനായ രാമന്റെ അന്തസ്സില്‍ ഞാന്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നോട് രാം ജന്മഭൂമി ഓഫീസര്‍  പങ്കെടുക്കണമെന്ന് ഒരു മുതിര്‍ന്ന രാം ജന്മഭൂമി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാന്‍ ചടങ്ങില്‍ പങ്കെടുക്കും,’ ഉമാഭാരതി അയോധ്യയിലെത്തുന്നതിന്റെ മുമ്പായി ട്വീറ്റ് ചെയ്തു.

ഉമാഭാരതിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ അമിത് ഷായ്ക്കും മറ്റ് ചില ബി.ജെ.പി നേതാക്കള്‍ക്കും കൊവിഡ് പിടിപെട്ടു എന്ന വാര്‍ത്ത കേട്ടതുമുതല്‍ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട് എന്നായിരുന്നു ഉമാഭാരതി ആദ്യം പറഞ്ഞിരുന്നത്.

ചടങ്ങ് നടക്കുമ്പോള്‍ സരയു നദിക്കരയില്‍ നില്‍ക്കാനുള്ള അനുമതി എനിക്ക് തരണമെന്ന് രാം ജന്മഭൂമി സംഘാടകരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് ഇന്ന് യാത്ര പുറപ്പെടാനാണ് ആലോചിക്കുന്നത്.

അയോധ്യയില്‍ എത്തുന്നത് വഴി കൊവിഡ് പോസിറ്റീവാകുന്ന ചിലരുമായി എനിക്ക് ചിലപ്പോള്‍ ബന്ധപ്പെടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിജിയും നൂറ് കണക്കിന് ആളുകളും പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. ചടങ്ങിനെത്തിയ ആളുകളെല്ലാം അവിടെ നിന്ന് മടങ്ങിയ ശേഷം ഞാന്‍ രാംലല്ലയില്‍ എത്തും’, എന്നായിരുന്നു ഉമ ഭാരതി ട്വീറ്റ് ചെയ്തത്.

ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യാന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായും ഉമ ഭാരതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more