ന്യൂദല്‍ഹി: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപഭോഗത്തെ തുടര്‍ന്ന് 40 വയസിന് താഴെയുള്ളവരില്‍ അര്‍ബുദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതിയും ചെറുപ്പക്കാര്‍ക്കിടയിലെ കാന്‍സര്‍ കേസുകള്‍ ഉയരുന്നതിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഡസ്ട്രി അക്കാദമിയ നെറ്റ്വര്‍ക്കിങ് കോണ്‍ക്ലേവില്‍, ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹെമറ്റോളജി ആന്റ് ബി.എം.ടി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. രാഹുല്‍ ഭാര്‍ഗവയാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പുകയില, മദ്യം എന്നിവയുടെ വര്‍ധിച്ച ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മര്‍ദം എന്നിവയാണ് പ്രാഥമിക കാരണങ്ങള്‍. പാരിസ്ഥിക മലിനീകരണവും കാന്‍സറിന് കാരണമാകുന്നുണ്ടെന്ന് ഡോ. രാഹുല്‍ ഭാര്‍ഗവ പറയുന്നു. ഈ അവസ്ഥയെ നിയന്ത്രിക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സജീവമായ ജീവിതശൈലിയും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കാന്‍സര്‍ കേസുകളില്‍ 20 ശതമാനവും 40 വയസിന് താഴെയുള്ളവരിലാണെന്ന് ദല്‍ഹി ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനായ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‍ നടത്തിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, യുവാക്കളില്‍ 60 ശതമാനം പുരുഷന്മാരിലും 40 ശതമാനം സ്ത്രീകളിലുമാണ് രോഗനിര്‍ണയം നടന്നിട്ടുള്ളത്.
‘യുവാക്കളില്‍ വര്‍ധിച്ചുവരുന്ന പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റം, പ്രത്യേകിച്ച് അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ഉയര്‍ന്ന കാന്‍സര്‍ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു,’ എന്ന് ദല്‍ഹി യുണീക്ക് ഹോസ്പിറ്റലിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്തയും കോണ്‍ക്ലേവില്‍ വ്യക്തമാക്കി.
മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാവുന്ന ഒന്നാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കാന്‍സറിന് പുറമെ പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലതരം പ്രിസര്‍വേറ്റീവ്‌സ് , കൃത്രിമമധുരം, ഉപ്പ് എന്നിവ ചേര്‍ത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ പറയുന്നു.