ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദളിതര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരം ചെയ്യും; ബി.ജെ.പിക്കെതിരെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകന്‍
national news
ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദളിതര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരം ചെയ്യും; ബി.ജെ.പിക്കെതിരെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 3:59 pm

ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രം അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പാര്‍ട്ടിക്കെതിരെ സമരം ചെയ്യുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍.

ദളിത് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് ലോക് ജനശക്തി പാര്‍ട്ടി എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

“” ആഗസ്റ്റ് ഒന്‍പത് വരെ ഞങ്ങള്‍ സമയം തരും. അതിനുള്ളില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ എല്‍.ജെ.പി ദളിത് പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരും. എന്‍.ഡി.എക്ക് ഞങ്ങള്‍ കൊടുത്ത പിന്തുണ വിഷയത്തിലധിഷ്ഠിതമാണ്. “” ചിരാഗ് പാസ്വാന്‍ പറയുന്നു.


നിതീഷ് കുമാറിനോട് സിംപതി മാത്രം; ഞങ്ങളുടെ ഒരൊറ്റ വോട്ടുപോലും ബി.ജെ.പിക്ക് ഇനി കിട്ടില്ല; പ്രതിഷേധം കടുപ്പിച്ച് ബീഹാറിലെ ദളിതര്‍


എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതുപോലെ ഉടന്‍ പാര്‍ട്ടി വിടില്ലെന്നും പാസ്വാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് തന്നെ ദളിതര്‍ക്ക് വേണ്ടി സമരം ചെയ്യും. ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് അംഗീകരിക്കുമെന്നാണ് കരുതുന്നത്. – ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ജസ്റ്റിസ് എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സഖ്യത്തിലെ ദളിത് എം.പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ വിധി പുറപ്പെടുവിച്ചത് ഗോയലായിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഗോയലിനെ ഗ്രീന്‍ ട്രിബ്യൂണലില്‍ മോദി സര്‍ക്കാര്‍ നിയമിച്ചത്.

ഗോയലിന്റെ നിയമനത്തിനെതിരെ എന്‍.ഡി.എയിലെ ദളിത് എം.പിമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പറഞ്ഞിരുന്നു. ഗോയലിനെ നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചതിനെതിരെ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും രാജ്നാഥ് സിങ്ങിനും മോദിയ്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.