കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ അവസാന മത്സരം ഹരാരെയില്‍ അരേങ്ങേറിയത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ സിംബാബ്‌വേ, ആരാധകരുടെ മുമ്പില്‍ മുഖം രക്ഷിക്കാനെങ്കിലും വിജയിച്ചേ പറ്റൂ എന്ന വാശിയുമായിട്ടായിരുന്നു കളത്തിലിറങ്ങിയത്. എന്നാല്‍ ഇന്ത്യയെ വിറപ്പിച്ച ശേഷം കീഴടങ്ങാനായിരുന്നു ഷെവ്‌റോണ്‍സിന്റെ വിധി.
സിംബാബ്‌വേ ബാറ്റര്‍മാരെയെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നൊഴിയാതെ എറിഞ്ഞിടുകയായിരുന്നു. എന്നാല്‍, ഒരാള്‍ക്ക് മുന്നില്‍ മാത്രം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അടിപതറി.
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സിംബാബ്‌വേയുടെ സൂപ്പര്‍ താരം സിക്കന്ദര്‍ റാസയെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നുമായില്ല. കണ്ണില്‍ കണ്ടവരെയെല്ലാം തച്ചുതകര്‍ക്കുന്ന, ബംഗ്ലാ കടുവകളെ ഒന്നൊഴിയാതെ പഞ്ഞിക്കിട്ട സിക്കന്ദര്‍ റാസെയെയായിരുന്നു ആരാധകര്‍ ഹരാരെയില്‍ കണ്ടത്.
സെഞ്ച്വറിയുമായി മുന്നോട്ടുകുതിച്ച റാസ ഇന്ത്യന്‍ താരങ്ങളുടെയും ആരാധകരുടെയും നെഞ്ചിടിപ്പ് ഒരുപോലെ കൂട്ടിയിരുന്നു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 115ലും ടീം സ്‌കോര്‍ 275വും നില്‍ക്കവെ റാസ പുറത്താവുകയായിരുന്നു.
ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഷെവ്‌റോണ്‍സിന്റെ സെഞ്ചൂറിയനെ ഇന്ത്യയുടെ സെഞ്ചൂറിയന്‍ പറന്നുപിടിക്കുകയായിരുന്നു.
ശുഭ്മന്‍ ഗില്ലിന്റെ ഒരു ആക്രോബാക്ടിക് ക്യാച്ചായിരുന്നു റാസയെ മടക്കിയത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ആവേശത്താല്‍ മതിമറന്നിരുന്നു. റാസയെ പുറത്താക്കിയാല്‍ കളി ജയിച്ചു എന്ന കാര്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്രയ്ക്കും ഉറപ്പായിരുന്നു.
എന്നാല്‍, ഇന്ത്യന്‍ താരങ്ങളുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. ഏറെ നിരാശയില്‍ പുറത്തായി മടങ്ങിയ റാസയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും അടക്കമുള്ള താരങ്ങള്‍ ചേര്‍ത്തു നിര്‍ത്തിയായിരുന്നു പവലിയനിലേക്ക് പറഞ്ഞയച്ചത്.
ഇന്ത്യന്‍ താരങ്ങളുടെ പ്രവര്‍ത്തി കണ്ട് സിംബാബ്‌വേ ആരാധകരും കയ്യടിച്ചിരുന്നു.
സിംബാബ്‌വേ സ്‌കോര്‍ 275ല്‍ നില്‍ക്കവെ റാസ പുറത്തായപ്പോള്‍ മാത്രമാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങുമ്പോള്‍ സിംബാബ്‌വേക്ക് വിജയം വെറും 13 റണ്‍സ് അകലെയായിരുന്നു.
മറ്റേതെങ്കിലും താരം കൂടി റാസയ്ക്ക് പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ മൂന്നാം മത്സരം സിംബാബ്‌വേ വിജയിക്കുമായിരുന്നു.
ഇന്ത്യക്കായി ആവേശ് ഖാന്‍ മൂന്നും ദീപക് ചഹര്‍, കുല്‍ദീപ് യാദവ് അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. താക്കൂറിന് ഒറ്റ വിക്കറ്റ് മാത്രമേ ലഭിച്ചിരുന്നുവെങ്കിലും പുറത്താക്കിയത് അപകടകാരിയായ റാസയെ ആയിരുന്നു.
മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.
Content Highlight: Ultimate show of respect to Sikendar Raza by Indian stars