സംയുക്ത പറഞ്ഞതിനോട് യോജിക്കുന്നു; ഇവിടെയുള്ളവർ വിചാരിക്കുന്നത് അവർ എല്ലാത്തിനേക്കാളും മേലെയാണെന്നാണ് : ഉത്പൽ വി. നയനാർ
Entertainment
സംയുക്ത പറഞ്ഞതിനോട് യോജിക്കുന്നു; ഇവിടെയുള്ളവർ വിചാരിക്കുന്നത് അവർ എല്ലാത്തിനേക്കാളും മേലെയാണെന്നാണ് : ഉത്പൽ വി. നയനാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th May 2023, 12:31 pm

നടി സംയുക്‌ത  തമിഴ് സിനിമയെപ്പറ്റി പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നുണ്ടെന്ന് ഛായാഗ്രാഹകൻ ഉത്പൽ. വി. നയനാർ. മാസ്റ്റർ ബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

‘പേയ്‌മെന്റിന്റെ കാര്യത്തിലും ആർട്ടിസ്റ്റുകൾ നമുക്ക് നൽകുന്ന ബഹുമാനത്തിന്റെ കാര്യത്തിലും തമിഴ് സിനിമ മേഖല വളരെ മേലെയാണ്. ഒരു ക്യാമറാമാനും ലൈറ്റ് മാനും തമ്മിലുള്ള അണ്ടർസ്റ്റാന്റിങ്ങ് അതിന്റെ ബഹുമാനത്തിലാണ് നിൽക്കുന്നത്. ഇവർ തമ്മിൽ ഒരു ബഹുമാനം ഉണ്ടെങ്കിലേ നമുക്ക് വർക്ക് തീർക്കാൻ കഴിയുള്ളു.


അതുപോലെയാണ് പ്രൊഡ്യൂസറും, വളരെ ബഹുമാനത്തിലാണ് സംസാരിക്കുന്നത്. ഇവിടെ അങ്ങനെയല്ല. നമ്മളെ കണ്ടാൽ ബീഡിയോക്കെ വലിച്ചുനടക്കും. അങ്ങനെയല്ല വേണ്ടത്. ഏത് സ്ഥാനത്തിനാണോ ബഹുമാനം നൽകേണ്ടത് അത് നമ്മൾ കൊടുക്കണം.

ഒരു ഡയറക്ട്റെ എങ്ങനെ ബഹുമാനിക്കണമെന്നെനിക്കറിയാം. അയാളെ ബഹുമാനിച്ചേ മതിയാകു. അയാൾ ഒരു പ്രൊഡ്യൂസറെ കണ്ടുപിടിക്കാൻ എത്രമാത്രം ബുദ്ധിമുട്ടുന്നു, ഒന്നുമറിയാത്ത ഡയറക്ടർ ആയിക്കൊള്ളട്ടെ, അയാളെ ബഹുമാനിക്കണം. അത് ഇവിടുത്തേക്കാളും നമുക്ക് തമിഴിൽ ലഭിക്കും.

ഇവിടുത്തെ എല്ലാവരും മോശമാണെന്നല്ല പറഞ്ഞത്. ഒന്നുമറിയാത്ത കുറെ ആളുകൾ ഉണ്ട്. പുറത്ത് നമ്മൾ എന്തുകുമായിക്കൊള്ളട്ടെ, പക്ഷെ, ജോലിയിൽ എത്തുമ്പോൾ അവർ അവരുടെ സ്ഥാനത്തിരുന്നാൽ ആ സ്ഥാനത്തിന് തീർച്ചയായും വിലകിട്ടും,’ അദ്ദേഹം പറഞ്ഞു.

പേയ്‌മെന്റിന്റെ കാര്യത്തിലാണെങ്കിലും ആളുകളുടെ സ്നേഹമാണെങ്കിലും മികച്ചത് തമിഴെന്ന് നടി സംയുക്ത പറഞ്ഞതിനെപ്പറ്റിയുള്ള ചോദ്യത്തിന് താൻ നൂറുശതമാനം യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അവർ പറഞ്ഞത് നൂറുശതമാനം ശെരിയാണ്. തമിഴിൽ ജോലി ചെയ്തിട്ടുള്ളവർക്കൊക്കെ ആ അഭിപ്രായമാണ്. പക്ഷെ ഇവിടെ എല്ലാവരും സ്വയം വിചാരിക്കുന്നത് നമ്മൾ എല്ലാവർക്കും മേലെയാണെന്നാണ്. ആ ധാരണ കുറച്ചധികമാണ്.

തമിഴിൽ കിട്ടുന്ന മര്യാദയും, ആർട്ടിസ്റ്റിന്റെ ഇടപെടലും, ഡിറക്റ്ററിന്റെ ഇടപെടലും വളരെ മികച്ചതാണ്. തമിഴ്‌നാട് എന്റെ പോറ്റമ്മയും മലയാളം എന്റെ പെറ്റമ്മയുമാണ്,’ ഉത്പൽ പറഞ്ഞു.

കാക്കക്കും പൂച്ചക്കും കല്യാണം, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്, കല്യാണ പിറ്റേന്ന് എന്നിവയാണ് അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ശ്രദ്ധേയമായത്.

Content Highlights: Ulpal V. Nayanar on Tamil film industry