മലയാളത്തില്‍ ഈ അടുത്തിറങ്ങിയതില്‍ മികച്ച ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച ഉള്ളൊഴുക്കില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉര്‍വശിയും പാര്‍വതി തിരുവോത്തുമായിരുന്നു. പ്രേക്ഷകര്‍ക്കിടയിലും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
ഇപ്പോള്‍ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ ഇടം പിടിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിര്‍മാണ കമ്പനിയായ ആര്‍.എസ്.വി.പി മൂവീസ് തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വാര്‍ത്ത പങ്കുവെച്ചത്.
1910കള്‍ മുതല്‍ ഇന്നുവരെയുള്ള സിനിമ സ്‌ക്രിപ്റ്റുകളുടെ ഒരു വലിയ ശേഖരം അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ ഉണ്ട്. 15,000ലധികം തിരക്കഥകളുള്ള ഈ ലൈബ്രറി ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് റഫറന്‍സായി ഉപയോഗിക്കാന്‍ കഴിയും. രായന്‍, പാര്‍ക്കിംഗ് എന്നീ ചിത്രങ്ങളാണ് സമീപകാലത്ത് ലൈബ്രറിയില്‍ ചേര്‍ത്ത മറ്റ് ഇന്ത്യന്‍ സിനിമ സ്‌ക്രിപ്റ്റുകള്‍.
മോഷന്‍ പിക്‌ചേഴ്‌സ് അധികൃതര്‍ മുംബൈയിലെ ഏജന്‍സി വഴി ബന്ധപ്പെട്ടതനുസരിച്ച് ഇംഗ്ലീഷ് തിരക്കഥ നല്‍കിയതായി ക്രിസ്റ്റോ അറിയിച്ചു. ലൊസാഞ്ചലസില്‍ അക്കാദമിയുടെ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയിലെ റീഡിങ് റൂമില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പ്രമുഖ തിരക്കഥകള്‍ക്കൊപ്പം പഠനത്തിനും റഫറന്‍സിനുമായി ഉള്ളൊഴുകിന്റെ തിരക്കഥയും ലഭ്യമാകും.
മുംബൈയില്‍ നിന്നുള്ള ആര്‍.എസ്.വി.പി മൂവീസ് കമ്പനിയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്നതിനാല്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ ഇംഗ്ലീഷ് തിരക്കഥ തയാറാക്കിയിരുന്നു. 2018ല്‍ രാജ്യത്തെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചതും ഉള്ളൊഴുക്കിന്റെ തിരക്കഥക്കായിരുന്നു. അന്ന് ഉള്ളൊഴുക്കിനോടൊപ്പം മത്സരത്തില്‍ ഉണ്ടായിരുന്ന കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് എന്ന ചിത്രത്തിനെ രണ്ടാം സ്ഥാനത്താക്കിയാണ് ക്രിസ്റ്റോ ഒന്നാം സ്ഥാനം നേടിയതെന്നതും ശ്രദ്ധേയമാണ്.
Content Highlight: Ullozhukku Screenplay Inducted Into The Library Of The Academy Of Motion Picture Arts And Sciences