സിനിസ്ഥാന്‍ വെബ്‌സൈറ്റ് 2018ല്‍ ബെസ്റ്റ് സ്‌റ്റോറി ടെല്ലറിന് വേണ്ടി മത്സരം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള തിരക്കഥകള്‍ ആ മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ ആമിര്‍ ഖാനും, ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുമായിരുന്നു അന്നത്തെ ജൂറി മെമ്പര്‍മാര്‍. ഏറ്റവും മികച്ച തിരക്കഥക്ക് 25 ലക്ഷമായിരുന്നു സമ്മാനം.
അന്നത്തെ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സ്‌ക്രിപ്റ്റ് ആമിര്‍ ഖാന് ഇഷ്ടമാവുകയും അയാള്‍ തന്നെ അത് നിര്‍മിക്കുമെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നു. സ്‌നേഹ ദേശായ് എഴുതിയ തിരക്കഥ സംവിധാനം ചെയ്തത് ആമിറിന്റെ ഭാര്യ കിരണ്‍ റാവുവായിരുന്നു. തിയേറ്ററില്‍ വേണ്ട രീതിയില്‍ പരിഗണന കിട്ടാതെ പോയ ആ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം രാജ്യമൊട്ടാകെ ചര്‍ച്ചയായി. ലാപതാ ലേഡീസ് എന്നായിരുന്നു ആ സ്‌ക്രിപ്റ്റിന്റെ പേര്.
എന്നാല്‍ ആ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഒരു മലയാളിയായിരുന്നു. പേര് ക്രിസ്റ്റോ ടോമി. കേരളത്തെ ഉലച്ച കൂടത്തായി ജോളിയുടെ കഥ ഡോക്യുമെന്ററിയാക്കിയതും ക്രിസ്‌റ്റോയായിരുന്നു. അന്നത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്‌ക്രിപ്റ്റ് സിനിമാരൂപത്തില്‍ എത്താന്‍ പോവുകയാണ്. ഉള്ളൊഴുക്ക് എന്ന് പേരിട്ട സ്‌ക്രിപ്റ്റ് അതേ പേരില്‍ സിനിമയാക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് പാര്‍വതി തിരുവോത്തും ഉര്‍വശിയുമാണ്.
മലയാള സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്ന സംഗീത സംവിധായകരിലൊരാളായ സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും ഉള്ളൊഴുക്കിനുണ്ട്. മലയാള സിനിമയിലെ മികച്ച അഭിനേതാക്കളോടൊപ്പം ഗംഭീര ക്രൂ കൂടി ചേരുമ്പോള്‍ ഇന്‍ഡസ്ട്രിക്ക് അഭിമാനിക്കാന്‍ കഴിയുന്ന സിനിമ തന്നെയാകും ലഭിക്കുക. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ullozhukk was the the script that beat Laapata Ladies in Cinestaan Best Story Teller award in 2018