ഇന്ത്യയെ ഞെട്ടിച്ച കൂടത്തായി കേസിനെ ആസ്പദമാക്കി ഒരുക്കിയ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ചെയ്യുന്ന സിനിമ എന്നതായിരുന്നു ഉള്ളൊഴുക്കിന് കാത്തിരിക്കാനുള്ള പ്രധാന കാരണം. ഒപ്പം മലയാളത്തിലെ മികച്ച രണ്ട് ആര്‍ട്ടിസ്റ്റുകളായ ഉര്‍വശിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു എന്നതും ആകര്‍ഷണ ഘടകമായി.
ഒരു കുടുംബത്തില്‍ സത്യങ്ങള്‍ മൂടിവെച്ച് കഴിയുന്ന കുറച്ചാളുകളുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു മരണത്തിന് ശേഷം ഉള്ളിലുറങ്ങിക്കിടക്കുന്ന സത്യം പലരില്‍ നിന്നും പുറത്തുവരുന്നു. ഉള്ളൊഴുക്കിന്റെ കഥയെ ഇങ്ങനെ ചുരുക്കിപ്പറയാം. ഇമോഷണലി പ്രേക്ഷകനെ ഒരുപാട് വീര്‍പ്പുമുട്ടിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്.
കഥാപാത്രങ്ങള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ നമ്മളും അതേ അവസ്ഥയില്‍ തന്നെ ആകുന്നുണ്ട്. ഏത് കഥാപാത്രത്തിനോടൊപ്പം നില്‍ക്കണം, ആരുടെ ഭാഗത്താണ് ന്യായം എന്നൊക്കെ നമ്മളും ആലോചിച്ച് ഉത്തരമില്ലാതെ ഇരുന്ന് പോകും. ട്രെയിലറില്‍ കണ്ടത് എന്താണോ അതുതന്നെയാണ് സിനിമയുടെ കഥയും. എന്നാല്‍ കഥ പറഞ്ഞുപോകുന്ന രീതി ഗംഭീരമായിട്ടുണ്ട്.
കഥ പറയുന്ന അന്തരീക്ഷമാണ് സിനിമയുടെ മറ്റൊരു പോസിറ്റീവ്. ഒരൊറ്റ വീട്ടിനുള്ളിലാണ് സിനിമയുടെ 70 ശതമാനം കഥയും നടക്കുന്നത്. നാലോ അഞ്ചോ സീനുകളില്‍ മാത്രമേ മറ്റ് ലൊക്കേഷനുകള്‍ കാണാന്‍ സാധിക്കുള്ളൂ. ഇത്തരമൊരു പരീക്ഷണത്തിന് വലിയ കൈയടി നല്‍കിയേ മതിയാകൂ.
അതോടൊപ്പം സമൂഹത്തിലെ പാട്രിയാര്‍ക്കിയെ ഒളിഞ്ഞും തെളിഞ്ഞും സിനിമ വിമര്‍ശിക്കുന്നുണ്ട്. സിനിമ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് കഥാപാത്രങ്ങള്‍ക്ക് പല ലെയറുകള്‍ നിര്‍മിക്കുന്നതില്‍ ക്രിസ്റ്റോ ടോമി എന്ന എഴുത്തുകാരന്റെ വൈഭവം എടുത്തു കാണിക്കുന്നുണ്ട്. സ്ത്രീകളുടെ തീരുമാനത്തിനും ജീവിതത്തിനും യാതൊരു വിലയും നല്‍കാത്ത പുരുഷ കഥാപാത്രങ്ങളെ സിനിമയില്‍ കാണാന്‍ സാധിക്കും.
അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലേക്ക് വന്നാല്‍ ഉര്‍വശി എന്ന പ്രതിഭയുടെ നിറഞ്ഞാട്ടമാണ് ഉള്ളൊഴുക്കില്‍. ഒരു സീനില്‍ പോലും ഉര്‍വശിയുടെ പെര്‍ഫോമന്‍സ് താഴേക്ക് വന്നിട്ടില്ല. പാര്‍വതിയും മറ്റ് ആര്‍ട്ടിസ്റ്റുകളും ഉര്‍വശിയോടൊപ്പമെത്താന് പാടുപെടുന്നത് കാണാന്‍ സാധിക്കും.
നെടുനീളന്‍ ഡയലോഗുകളൊന്നുമില്ലാതെ വെറുമൊരു നോട്ടം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്താന്‍ ഉര്‍വശിക്ക് കഴിഞ്ഞു. ലീലാമ്മ എന്ന കഥാപാത്രത്തോട് നൂറ് ശതമാനം ഉര്‍വശി നീതി പുലര്‍ത്തി.
പാര്‍വതി അവതരിപ്പിച്ച അഞ്ജുവിന്റെ വ്യൂപോയിന്റിലൂടെയാണ് സിനിമ പകുതിമുക്കാലും സഞ്ചരിക്കുന്നത്. ചില സീനില്‍ നാടകീയത അനുഭവപ്പെട്ടെങ്കിലും മികച്ച രീതിയില്‍ പാര്‍വതി പെര്‍ഫോം ചെയ്തിട്ടുണ്ട്. അര്‍ജുന്‍ രാധാകൃഷ്ണനാണ് ഞെട്ടിച്ചുകളഞ്ഞ മറ്റൊരു താരം. കണ്ണൂര്‍ സ്‌ക്വാഡിലെ അമീറില്‍ നിന്ന് ഉള്ളൊഴുക്കിലെ രാജീവിലേക്കെത്തുമ്പോള്‍ താരത്തിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചു.
അലന്‍സിയര്‍ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഗംഭീര പ്രകടനമായിരുന്നു. അധികം ഡയലോഗുകളൊന്നുമില്ലാതെ മികച്ച പെര്‍ഫോമന്‍സ് നടത്തിയ പ്രശാന്ത് മുരളിയും ഗംഭീരമാക്കിയിട്ടുണ്ട്.
സുഷിന്‍ ശ്യാമിന്റെ സംഗീതം ആദ്യവസാനം സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്ക്കുന്നുണ്ട്. നിഗൂഢതയും, നിസ്സഹായതയും, പ്രതീക്ഷയും എല്ലാം തന്റെ സംഗീതത്തിലൂടെ പ്രേക്ഷകരിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സുഷിന് സാധിച്ചു.
ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും, കിരണ്‍ദാസിന്റെ അളന്നുമുറിച്ചുള്ള എഡിറ്റിങ്ങും ചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ മികച്ച മലയാളസിനിമകളുടെ പട്ടികയിലേക്ക് ഉള്ളൊഴുക്കിനെയും ഉള്‍പ്പെടുത്താം.
Content Highlight: Ullozhukk movie review