തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ “കണ്ണൂര്‍” എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രസ്താവനയില്‍ ചിലത് വാസ്തവ വിരുദ്ധമാണെന്ന് പുസ്തകത്തിന്റെ രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി ഉല്ലേഖ്.
എന്റെ പുസ്തകത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ് .എസ്-മാര്‍ക്‌സിസ്റ്റ് സംഘട്ടനങ്ങളില്‍ ആദ്യ രക്തസാക്ഷി ആര്‍.എസ്.എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണന്‍ അല്ലെന്നും ഉല്ലേഖ് പറയുന്നു.
കോഴിക്കോട്ടെ സി.പി.ഐ.എം നേതാവ് സുലൈമാന്‍ ആണ് ആര്‍.എസ്.എസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഉരസലുകളില്‍ ആദ്യം വധിക്കപ്പെട്ടതെന്നും ഉല്ലേഖ് പറഞ്ഞു.
വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു മുല്ലപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ പുസ്തകത്തില്‍ നിന്നാണെന്നു പറയുന്നെന്നും ഇത് തെറ്റിദ്ധാരണാജനകമാണെന്നും ഉല്ലേഖ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
തന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമര്‍ശങ്ങള്‍ മുല്ലപ്പള്ളി പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്യണമെന്നും ഉല്ലേഖ് ആവശ്യപ്പെട്ടു.
എന്‍.പി ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ബഹുമാന്യനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഞാനെഴുതിയ “കണ്ണൂര്‍” എന്ന പുസ്തകത്തെ ഉദ്ധരിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണ്. ഒരു പത്രപ്രസ്താവനയില്‍ ആണ് അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. എന്റെ പുസ്തകത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു ആര്‍ എസ് എസ്-മാര്‍ക്‌സിസ്റ്റ് സംഘട്ടനങ്ങളില്‍ ആദ്യ രക്തസാക്ഷി ആര്‍ എസ് എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണന്‍ അല്ല. കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാന്‍ ആണ് ആര്‍ എസ് എസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഉരസലുകളില്‍ ആദ്യം വധിക്കപ്പെട്ടത്. പുസ്തകത്തിലെ ഈ പരാമര്‍ശം സിപിഎം-ആര്‍ എസ് എസ് സംഘര്‍ഷങ്ങളെ കുറിച്ച് പറയുമ്പോഴാണ് സൂചിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഏകപക്ഷീയമായ അക്രമങ്ങളില്‍ ആദ്യം രക്തസാക്ഷിയായതു സഖാവ് മൊയാരത്തു ശങ്കരനെ പോലുള്ള മുന്‍ ഗാന്ധീയരാണ്.
ാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ എന്റെ പുസ്തകത്തില്‍ നിന്നാണെന്നു പറയുന്നു.ഇത് തെറ്റിദ്ധാരണാജനകമാണ്. ഒന്നുകില്‍ അദ്ദേഹം ആ പുസ്തകം വായിച്ചില്ല അല്ലെങ്കില്‍ പുസ്തകത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ അതില്‍ ഉണ്ടെന്നു ആരോപിക്കുന്നു.
മുല്ലപ്പള്ളിയെ പോലുള്ള ഒരു നേതാവിന് ചേര്‍ന്നതല്ല ഇത്തരം പ്രചാരവേല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് ഇത്. കുറഞ്ഞപക്ഷം അദ്ദേഹം എന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്യണം.
DoolNews Video