ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയ്‌ഡെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍
Kerala
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയ്‌ഡെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 3:07 pm

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍.

ഇ.ഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നത് വസ്തുതയാണെന്നും ഇവരില്‍ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സൊസൈറ്റിയില്‍ പ്രവേശിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത്.

കൂടാതെ സൊസൈറ്റിയുടെ ഇന്‍കം ടാക്‌സ് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂവെന്നും ഊരാളുങ്കല്‍ സൊസൈറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

കോപ്പറേറ്റീവ് നിയമങ്ങളും ഇന്‍കം ടാക്‌സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞു.

വടകര ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ ഇന്ന് രാവിലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം നടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മൂന്നംഗ ഇ.ഡി സംഘമാണ് ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ എത്തിയത്. അന്വേഷണ സംഘം അധിക സമയം ഓഫീസില്‍ ചിലവഴിച്ചിരുന്നില്ല.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

സി.എം രവീന്ദ്രനുമായി ബന്ധമുണ്ട് എന്ന് പറയുന്ന ആറ് സ്ഥാപനങ്ങളില്‍ ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹവുമായി ഈ സ്ഥാപനങ്ങള്‍ക്കുള്ള ബന്ധം കണ്ടുപിടിക്കാന്‍ ഇതുവരെ ഇ.ഡിക്ക് സാധിച്ചിട്ടില്ല.

നടത്തിപ്പുക്കാരില്‍ നിന്ന് ഇ.ഡി വിവവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രനു സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ