കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ യു.എല്‍. സ്‌പേസ് ക്ലബ്ബ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ബഹിരാകാശ ശാസ്ത്ര-സാങ്കേതികവിദ്യാ മേഖലയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്ന ഈ സ്‌പേസ് ക്ലബ്ബിലൂടെ രാജ്യത്തെ അഭിമാന സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയത് 16 മിടുക്കരായ വിദ്യാര്‍ഥികളാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റി (ULCCS) ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ യു.എല്‍.സി.സി.എസ് ഫൗണ്ടേഷന് കീഴിലെ യു.എല്‍. എജ്യൂക്കേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് യു.എല്‍. സ്‌പേസ് ക്ലബ് (ulspaceclub.in). ബഹിരാകാശ ശാസ്ത്രം പഠിപ്പിക്കാനുള്ള ഐ.എസ്.ആര്‍.ഒ സ്‌പേസ് ട്യൂട്ടര്‍ പദവിയും ഈ ക്ലബ്ബിനുണ്ട്. ഐ.എസ്.ആര്‍.ഒയുടെ മുദ്ര ഉള്‍പ്പെടെ ഉപയോഗിക്കാന്‍ അനുമതിയുള്ള പദവിയാണിത്.
വിദ്യാര്‍ഥികള്‍ തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു എന്നത് ക്ലബ് ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായതെന്ന് സ്‌പേസ് ക്ലബ്ബിന്റെ മുഖ്യസംഘാടകനും അധ്യാപകനുമായ യു.കെ. ഷജില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ‘ആറാം ക്ലാസ് മുതല്‍ ക്ലബ്ബിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ രാജ്യത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. തികച്ചും സൗജന്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിങ്, ഗണിതം, ബഹിരാകാശ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ അഭിരുചിയും ആഭിമുഖ്യവും വളര്‍ത്താന്‍ ശ്രമിക്കുന്ന കൂട്ടായ്മയാണിത്. അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ള സ്‌പേസ് ക്ലബ്ബുകളുടെ അന്താരാഷ്ട്ര നിലവാരത്തിലും, കുറഞ്ഞ ചെലവിലും പ്രവര്‍ത്തിക്കുന്ന ഈ സ്‌പേസ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം സൗജന്യമായാണ് നല്‍കുന്നത്.
2016 ഒക്ടോബറില്‍ ആരംഭിച്ച യു.എല്‍. സ്‌പേസ് ക്ലബ് ബഹിരാകാശ ശാസ്ത്രത്തില്‍ കേന്ദ്രീകരിച്ച് ആയിരുന്നു തുടക്കമെങ്കിലും, ശാസ്ത്രം, സാങ്കേതികം, എന്‍ജിനീയറിങ്, ഗണിതം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയവയിലും വിദ്യാര്‍ഥികളുടെ താല്‍പര്യം വളര്‍ത്തിയെടുക്കുകയാണ് മുഖ്യ ലക്ഷ്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഐസെറും ഐ.ഐ.ടികളും എന്‍.ഐ.ടികളും ഐ.ഐ.എമ്മുകളും രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സും ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും 16 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.
ഇവര്‍ക്ക് പുറമെ പി.എസ്.എല്‍.വി വിക്ഷേപണത്തിന് ക്ഷണിക്കപ്പെട്ടതും ബഹിരാകാശ പദ്ധതിയില്‍ പേലോഡ് നിര്‍മാണപദ്ധതി ലഭിച്ചതും അടക്കം അഭിമാനാര്‍ഹമായ മറ്റു നേട്ടങ്ങള്‍ കൈവരിച്ചവരുമുണ്ട് ക്ലബ്ബ് അംഗങ്ങളില്‍. ക്ലബ്ബ് അംഗങ്ങളായ 60 പേരില്‍ നിന്നാണ് അത്ഭുതകരമായ ഈ നേട്ടമുണ്ടാക്കിയത്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന്റെ നാനാഭാഗങ്ങളില്‍ ഉള്ളവരും പുറത്ത് നിന്നുള്ളവരും പങ്കെടുക്കാറുണ്ട്. നിലവില്‍ കോഴിക്കോട് എന്‍.ഐ.ടിയുമായി ചേര്‍ന്ന് ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായ ഒരു ഉപഗ്രഹം നിര്‍മിക്കുന്നതില്‍ വ്യാപൃതരാണ് ക്ലബ്ബ്.
പൊതുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്ന എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലബ്ബില്‍ അംഗത്വം. കോഴിക്കോട് ജില്ലക്കാരായ അംഗങ്ങള്‍ക്കുപുറമെ, നിലവില്‍ രാജ്യമെമ്പാടുമുള്ള അഫിലിയേറ്റഡ് ഗ്രൂപ്പുകളിലൂടെ നൂറുകണക്കിന് അംഗങ്ങള്‍ ഓണ്‍ലൈനായും പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ അഫിലിയേറ്റ് ഗ്രൂപ്പുകളിലാണ്.
ബഹിരാകാശ ശാസ്ത്രരംഗത്ത് 45 കൊല്ലത്തെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടിയാണ് സ്‌പേസ് ക്ലബ്ബിന്റെ പ്രണേതാവും മെന്ററും. ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഭരണവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കൂടി കൈമുതലുള്ള ഇദ്ദേഹമാണ് ക്ലബ്ബിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ. ജയറാമും ഒപ്പമുണ്ട്.
ഐ.എസ്.ആര്‍.ഒ, ഐ.ഐ.എസ്.ടി, ഡി.ആര്‍.ഡി.ഒ, ബി.എ.ആര്‍.സി, ടി.ഐ.എഫ്.ആര്‍, ഐസര്‍, എന്‍.ഐ.ടി, വിവിധ സര്‍വകലാശാലകള്‍ എന്നിവയുടെയും അവിടങ്ങളിലെ വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെയാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. അധ്യാപകനായ യു.കെ. ഷജില്‍ ആണ് തുടക്കം മുതലേ സ്‌പേസ് ക്ലബ്ബിന്റെ മുഖ്യ സംഘാടകന്‍. യുഎല്‍ സ്‌പേസ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് അധ്യാപകനായ ടി. ദാമോദരന്‍, സുരേന്ദ്രന്‍ പുന്നശ്ശേരി, ഡോ. സന്ദേശ് ഇപ, രാജ്യത്തെമ്പാടുമുള്ള മുന്‍നിരസ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണയുണ്ട്.
യു.എല്‍. സ്‌പേസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മറ്റു ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി സ്‌പേസ് ക്യാമ്പ് നടത്തിക്കൊണ്ടായിരുന്നു തുടക്കം. സംസ്ഥാനത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്വിസുകള്‍, അവതരണങ്ങള്‍, വെബിനാറുകള്‍, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ നേരത്തേ തന്നെ സംഘടിപ്പിച്ച് വരുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Content Highlights: ul space club creates a role model for the country in space studies