| Wednesday, 8th January 2020, 11:01 am

ഇറാനില്‍ ഉക്രെയിന്‍ വിമാനം തകര്‍ന്നു വീണു; മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: 180 യാത്രക്കാരുമായി ഉക്രെയിന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇറാന്‍ സൈനികനേതാവ് ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് യാത്രാവിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more