കീവ്: റഷ്യന്‍ സേനയുടെ അധിനിവേശം തടയുന്നതിനായി ഉക്രേനിയന്‍ പട്ടാളക്കാരന്‍ സ്വയം തീകൊളുത്തിയതായി റിപ്പോര്‍ട്ട്.
ഉക്രൈനിലെ തെക്കന്‍ പ്രവിശ്യയായ ഖേര്‍സണിലെ ഒരു പാലം കത്തിക്കുന്നതിന് വേണ്ടിയാണ് സൈനികന്‍ വൊളോഡിമിറോവിച് സ്വയം ജീവന്‍ വെടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
ക്രിമിയയെയും ഉക്രൈന്റെ മെയിന്‍ ലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന പാലമായ ഹെനിഷെസ്‌കിനാണ് സ്വയം തീകൊളുത്തിയതിലൂടെ സൈനികന്‍ തീയിട്ടത്.
ഇദ്ദേഹത്തെ ഒരു ദേശീയ ഹീറോയായാണ് ഇപ്പോള്‍ ഉക്രൈന്‍ സേന കാണുന്നത്. ഉക്രൈന്‍ സൈന്യം തന്നെയാണ് ഇദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
മറൈന്‍ ബറ്റാലിയനില്‍ എഞ്ചിനീയറായിരുന്നു വൊളോഡിമിറോവിച്.
ഇതിനിടെ റഷ്യക്കെതിരായി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ‘ഉക്രൈന്‍ പ്രമേയം’ അവതരിപ്പിച്ചു. ഉക്രൈനില്‍ നിന്നും റഷ്യ സൈനിക പിന്മാറ്റം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിച്ചത്.
അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
അതേസമയം, റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് താന്‍ ഒളിച്ചോടില്ലെന്നും ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് സെലന്‍സ്‌കി പുറത്തുവിട്ടത്.
Content Highlight: Ukrainian soldier blows himself up on bridge to stop Russian tanks from advancing