കിയവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തലവന്‍ ഒരു ക്രിമിനലിനെ ആലിംഗനം ചെയ്യുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനം.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ ക്രിമിനലിനെ റഷ്യയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതുകാണുമ്പോള്‍ നിരാശ തോന്നുന്നു. ഇത് സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേറ്റ വലിയ പ്രഹരമാണ്,’ സെലന്‍സ്‌കി പറഞ്ഞു.
കിയവിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ 37 പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. അഞ്ച് നഗരങ്ങളെ ലക്ഷ്യം വെച്ച് നാല്‍പ്പതിലധികം മിസൈലുകളാണ് ഉക്രൈനിലേക്ക് റഷ്യ തൊടുത്തുവിട്ടതെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോദിക്കെതിരെ സെലന്‍സ്‌കി എക്സില്‍ പ്രതികരിച്ചത്.
ഉക്രൈയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണ് ഇത്. മോദിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ പര്യടനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുടിന്‍ മോദിയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മോദിക്കെതിരെ ഇന്ത്യയിലും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അസമിലുണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശ പര്യടനത്തിന് പോയിരിക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യപകമായുള്ള വിമര്‍ശനം. കൂടാതെ റഷ്യന്‍ സൈന്യത്തിലെ ഇന്ത്യന്‍ പൗരന്മാരുടെ മരണങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Ukrainian President Volodymyr Zelensky criticized Prime Minister Narendra Modi