സ്റ്റീവ് ജോബ്‌സിനായി യുക്രെയിനില്‍ സ്മാരകം
Big Buy
സ്റ്റീവ് ജോബ്‌സിനായി യുക്രെയിനില്‍ സ്മാരകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2012, 10:53 am

മോസ്‌കോ: ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങളുടെ പിതാവെന്ന് അറിയപ്പെടുന്ന സ്റ്റീവ് ജോബ്‌സിന് യുക്രെയ്‌നില്‍ സ്മാരകമുയര്‍ന്നു. യുക്രെയ്‌നിലെ ഒഡേസ തുറമുഖപട്ടണത്തിലാണ് രണ്ടു മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച സ്റ്റീല്‍ സ്മാരകം.[]

200 കിലോ ഭാരമുള്ള സ്മാരകം വൈകുന്നേരങ്ങളില്‍ പ്രകാശഭരിതമാക്കുമെന്ന് നഗര അധികൃതര്‍ അറിയിച്ചു. കൈയുടെ രൂപത്തിലുള്ള സ്മാരക ശിലയുടെ മധ്യത്തില്‍ ആപ്പിള്‍ കമ്പനിയുടെ ട്രേഡ് മാര്‍ക് ലോഗോയുടെ ആകൃതിയില്‍ ഒരു പഴുതും സൃഷ്ടിച്ചിട്ടുണ്ട്.

ടിവിയിലെയും മറ്റും ദൃശ്യങ്ങളില്‍ ആംഗ്യങ്ങള്‍ അധികമായി ഉപയോഗിച്ച സ്റ്റീവിനെ കണ്ടതാണ് “കൈ ശില്‍പത്തിനു” പിന്നിലെന്ന് ശില്‍പി കിറില്‍ മാക്‌സിമെംഗോ പറഞ്ഞു. പഴയ കാറുകളുടെ ഭാഗങ്ങളും ഇരുമ്പുപകരണങ്ങളുമാണ് ശില്‍പത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയിനില്‍ സ്മാരകമുയരുന്നതൊന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ നിവാസികള്‍ക്ക് വിഷയമല്ല. മോസ്‌കോയിലെ ടഗന്‍സ്‌കയ മെട്രോയില്‍ ആപ്പിള്‍ കമ്പ്യൂട്ടറുകളുടെ ഒരു മ്യൂസിയം ആന്‍ഡ്രേയ് അന്റണോവ് എന്ന എഞ്ചിനീയര്‍ നേരത്തെതന്നെ തുറന്നിരുന്നു.

സിലിക്കണ്‍വാലിയിലെ കുടുംബത്തില്‍ ദത്തുപുത്രനായി വളര്‍ന്ന, സ്റ്റീവ് ഏഴുപതുകളിള്‍ ആപ്പിള്‍ ടു എന്ന ആദ്യത്തെ പഴ്‌സനല്‍ കമ്പ്യൂട്ടറിലൂടെയാണ് സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിന്‌ തുടക്കംകുറിച്ചത്.

സുഹൃത്ത് സ്റ്റീവ് വൊസ്‌നിയാക്കിനൊപ്പം 1976ല്‍ ആണ് ആപ്പിള്‍ കമ്പ്യൂട്ടറിന് തുടക്കമിട്ടത്. കമ്പനിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് 1985ല്‍ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് ഐപോഡ്‌ഫോണ്‍ പാഡുകളിലൂടെ പുതുചരിത്രമെഴുതിയത്.

2001ല്‍ ഐപോഡ്, 2007ല്‍ ഐഫോണ്‍, 2010ല്‍ ഐപാഡ് തുടങ്ങി സാങ്കേതികവിദ്യയുടെ എല്ലാ ചുവടുവെപ്പിനും മുന്‍കൈ എടുത്തത് സ്റ്റീവ് ജോബ്‌സ് ആയിരുന്നു.