ഉക്രൈനുവേണ്ടി റഷ്യയുമായി ചര്‍ച്ച നടത്തണം; ജോ ബൈഡനോട് യു.എസിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍
World News
ഉക്രൈനുവേണ്ടി റഷ്യയുമായി ചര്‍ച്ച നടത്തണം; ജോ ബൈഡനോട് യു.എസിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 6:07 pm

ന്യൂയോര്‍ക്ക്: റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയുമായി ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചു.

ഇരുപക്ഷത്തിനും സ്വീകാര്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രശ്‌നം അവസാനിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. കത്തിലൂടെയാണ് ജനപ്രതിനിധികള്‍ വൈറ്റ് ഹൗസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷ ചായ്‌വുള്ള 30 ഹൗസ് മെമ്പേഴ്‌സാണ് വിഷയത്തില്‍ കത്തെഴുതിയത്. ‘ഉക്രൈനിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായ’ ഒരു പരിഹാരം കണ്ടെത്തുന്നതിന് റഷ്യയുമായി നേരിട്ട് സമവായത്തിലെത്താല്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ റഷ്യയുടെ ‘നിയമവിരുദ്ധമായ ഉക്രൈന്‍ അധിനിവേശത്തെ’ എതിര്‍ക്കുമ്പോഴും റഷ്യയുമായി ചേര്‍ന്നുള്ള ഒത്തുതീര്‍പ്പിന് വൈറ്റ് ഹൗസ് തയ്യാറാകണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.

വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഉപരോധം എന്നതിനപ്പുറം ശത്രുത അവസാനിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളുണ്ടാകണമെന്നും ഇവര്‍ പറയുന്നു.

‘യു.എസിന്റെ ഉക്രൈന്‍ അനുകൂല നിലപാടിന്റെ ഭാഗമായുള്ള സൈനിക സഹായത്തില്‍, പതിനായിരക്കണക്കിന് യു.എസ് നികുതിദായകരുടെ ഉത്തരവാദികള്‍ എന്ന നിലയില്‍കൂടിയാണ് വിഷയത്തെ സമീപിക്കുന്നത്,’ ഹൗസ് പ്രോഗ്രസീവ് കോക്കസ് നേതാവ് പ്രമീള ജയപാല്‍ പറഞ്ഞു.

റഷ്യ- ഉക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ തുടക്കം മുതലേ ഉക്രൈന്‍ അനുകൂല നിലപാടാണ് യു.എസിന്റെ ഭാഗത്ത് നിന്നും വരുന്നത്. റഷ്യക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതായി ഈ മാസം തുടക്കത്തില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജനപ്രതിനിധികളുടെ ആവശ്യം.

റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്‌സ്‌ക്(Donetsk), ലുഹാന്‍സ്‌ക്(Luhansk), സപോരിഷ്യ(Zaporizhzhia), കെര്‍സണ്‍(Kherson) എന്നീ പ്രവിശ്യകള്‍ ഔദ്യോഗികമായി റഷ്യയുമായി കൂട്ടിച്ചേര്‍ത്തതോടെയാണ് യു.എസ് ഉപരോധങ്ങള്‍ കടുപ്പിച്ചത്.

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തെ പ്രതിരോധ വ്യവസായത്തിനുമെതിരായ ഉപരോധങ്ങളാണ് കടുപ്പിച്ചിരുന്നത്.