കീവ്: നിരായുധനായ ഉക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ 21കാരനായ റഷ്യന്‍ സൈനികനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉക്രൈന്‍ കോടതി. ടാങ്ക് കമാന്‍ഡര്‍ വാഡിം ഷിഷിമാരിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
അധിനിവേശത്തിന് ശേഷമുള്ള ആദ്യ യുദ്ധകുറ്റ വിചാരണയാണ് ഇത്. ഫെബ്രുവരി 28ന് വടക്കുകിഴക്കന്‍ ഉക്രൈനിയന്‍ ഗ്രാമമായ ചുപഖിവ്കയില്‍ 62 കാരനെ വെടിവച്ച് കൊലപ്പെടുത്തിയതിയതാണ് കേസ്. അലെക്സാണ്ടര്‍ ഷെലിപോവ് എന്നയാളെയാണ് കമാന്‍ഡര്‍ വെടിവെച്ച് കൊന്നത്.
ജഡ്ജി സെര്‍ഹി അഹഫോനോവാണ് വിധി പ്രസ്താവിച്ചത്. ഷിഷിമാരിന്‍ അന്വേഷണത്തോട് സഹകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും, ഷെലിപോവിനെ വെടിവെച്ചപ്പോള്‍ കൊല്ലാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന മൊഴി കോടതിക്ക് അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ചെയ്ത കുറ്റകൃത്യം സമാധാനത്തിനും സുരക്ഷയ്ക്കും മാനവികതയ്ക്കും അന്താരാഷ്ട്ര നിയമവ്യവസ്ഥയ്ക്കും എതിരായതിനാല്‍ ഷിഷിമാരിന് ചെറിയ തടവ് ശിക്ഷ വിധിക്കാനുള്ള സാധ്യതയായി കോടതി കാണുന്നില്ല,’ ജഡ്ജി വ്യക്തമാക്കി.
അതിനിടെ, സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം ആരംഭിച്ചപ്പോള്‍ റഷ്യയ്ക്കെതിരെ പരമാവധി ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഉക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.
എണ്ണ ഉപരോധം ഉള്‍പ്പെടെ റഷ്യയുടെ ആക്രമണം തടയാന്‍ ഉപരോധങ്ങള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
തന്റെ രാജ്യം റഷ്യന്‍ മുന്നേറ്റങ്ങളെ മന്ദഗതിയിലാക്കിയെന്നും തന്റെ ജനങ്ങളുടെ ധൈര്യം ജനാധിപത്യ ലോകത്തെ ഐക്യത്തെ ഇളക്കിമറിച്ചിട്ടുണ്ടെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
Content Highlights: ukraine sentences russian soldier to life prison