ഹിരോഷിമ: ഉക്രൈന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം 450ാം ദിവസത്തിലേക്ക് കടക്കവെ, ജി 7 ഉച്ചകോടിയില്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ലോകരാഷ്ട്രങ്ങള്‍. അതിനിടെ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ജപ്പാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്.
ഉക്രൈന്‍ പ്രസിഡന്റ് ഞായറാഴ്ചത്തെ ചര്‍ച്ചകളില്‍ വീഡിയോ ലിങ്ക് വഴി മാത്രമേ പങ്കെടുക്കൂ എന്നാണ് ജാപ്പനീസ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സെലെന്‍സ്‌കി ഹിരോഷിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സെലെന്‍സ്‌കിയുടെ യാത്ര ഒഴിവാക്കില്ലെന്നും എന്നാല്‍ അവസാന നിമിഷവും യുദ്ധക്കളത്തിലെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും ഇതെന്നും ജപ്പാനിലെ ക്യോഡോ ന്യൂസിനോട് ഉക്രൈനിന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് അറിയിച്ചു.
ഉച്ചകോടിയില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പങ്കെടുക്കുമെന്ന് ഉക്രൈനിലെ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ഡാനിലോവ് ഇന്ന് ദേശീയ ടെലിവിഷനില്‍ സ്ഥിരീകരിച്ചു.
‘രാജ്യത്തിന്റെ സുസ്ഥിരതയുടെ പ്രശ്‌നം പരിഹരിക്കാന്‍, ലോകത്തിന്റെ ഏത് ഭാഗത്തും ഉക്രൈനിന് ആവശ്യമുള്ളിടത്ത് ഞങ്ങളുടെ പ്രസിഡന്റ് ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അവിടെ തീരുമാനിക്കപ്പെടും. അതിനാല്‍ രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശാരീരിക സാന്നിധ്യം ഒരു നിര്‍ണായക കാര്യമാണ്,’ ഡാനിലോവ് പറഞ്ഞു.
സെലെന്‍സ്‌കിയുടെ സാന്നിധ്യം റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ലോക രാജ്യങ്ങളുടെ ശ്രമത്തിന് ഊര്‍ജം പകരുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജി7 കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉക്രൈന്റെ ഭാവിയെക്കുറിച്ചും, അവര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് തുടരാനുള്ള വിശാലമായ നാറ്റോ ദൃഢനിശ്ചയത്തെക്കുറിച്ചും സെലെന്‍സ്‌കി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
content highlights: Ukraine’s Zelenskyy to attend G7 in Hiroshima to pressure Russia