കീവ്: റഷ്യയുടെ ഉക്രൈന്‍ അധിനവേശത്തിനിടെ ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഉക്രൈനെ ആക്രമിച്ച റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുടിനെ ജര്‍മന്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ അഭിനന്ദിക്കുന്ന രീതിയിലാണ് ട്വീറ്റ്.
‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യമാണ്’ എന്ന കുറിപ്പും ഉക്രൈന്‍ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ഉക്രൈന്റെ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
‘റഷ്യ രാജ്യത്തെ ആക്രമിക്കുമ്പോള്‍ ട്വിറ്ററില്‍ പോസ്റ്റിട്ട് കളിക്കുകയാണോ?’ ‘ഹിറ്റലറിന്റെ ആരാധകരാണ് പുടിനെ ഇത്തരത്തില്‍ കളിയാക്കുന്നത്’ ‘റഷ്യയുടെ ഈ നീക്കത്തിനെതിരെ ലോകം ഒന്നാകെ ഉക്രൈനൊപ്പം അണി നിരക്കണം’ തുടങ്ങിയ കമന്റുകളും റീട്വീറ്റുകളുമാണ് ഉക്രൈന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൈബറിടങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുക എന്നതാണ് ഇതിലൂടെ ഉക്രൈന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മീമിന് പുറമെ #StopRussianAggression, #RussiaInvadedUkraine ##UkraineUnderAttack തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യല്‍മീഡിയയില്‍ ട്രന്റിംഗാവുന്നുണ്ട്.
Listen, I’m no international conflict expert… but I’m pretty certain memes arent the way to go when you’re being invaded.
എന്നാല്‍ ഉക്രൈനില്‍ നവ നാസികളും തീവ്രവലതു പക്ഷവാദികളും ശക്തി പ്രാപിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോസ്‌കോയിലെ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.
ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.
‘ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യത അംഗീകരിക്കുന്നില്ല. ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണ്. ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉക്രൈനിലെ സാധാരണക്കാരെ ബാധിക്കുന്നു.
നവനാസികളും തീവ്രവലതുപക്ഷവും ശക്തി പ്രാപിക്കുന്ന ഉക്രൈനില്‍ സ്വന്തം മണ്ണില്‍ ജീവിക്കാനും സ്വന്തം ഭാഷ സംസാരിക്കാനും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുമുള്ള പ്രാഥമിക അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ പോരാടുന്നത്,” പുടിന്‍ പറഞ്ഞു.
ഉക്രൈന്‍ റഷ്യക്ക് ഒരു അയല്‍രാജ്യമല്ലെന്നും റഷ്യയുടെ നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.
”ഇന്ന് കാണുന്ന ഉക്രൈന്‍ എന്ന ഭൂപ്രദേശം ഒരു സോവിയറ്റ് സൃഷ്ടിയാണ്. അവിടത്തെ വലിയൊരു പ്രദേശം റഷ്യ ആയിരുന്നു. ഉക്രൈന്‍ റഷ്യക്ക് വെറുമൊരു അയല്‍രാജ്യം മാത്രമല്ല. അവിടെ താമസിക്കുന്നവര്‍ റഷ്യക്കാരാണ്.
പുരാതനകാലം മുതല്‍, ചരിത്രപരമായി റഷ്യന്‍ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകള്‍ തങ്ങളെ റഷ്യക്കാരും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും എന്ന് വിളിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിനുമുമ്പ്, ഈ പ്രദേശത്തിന്റെ ഒരു ഭാഗം റഷ്യന്‍ ഭരണകൂടത്തില്‍ വീണ്ടും ചേര്‍ന്നപ്പോഴും അതിനുശേഷവും ഇത് സംഭവിച്ചു.
അതിനാല്‍, ആധുനിക ഉക്രൈന്‍ പൂര്‍ണമായും റഷ്യ സൃഷ്ടിച്ചതാണ്. 1917ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ലെനിനും കൂട്ടാളികളും റഷ്യയോട് അങ്ങേയറ്റം കഠിനമായ വിധത്തിലാണ് ഇത് ചെയ്തത്- ചരിത്രപരമായി റഷ്യന്‍ ഭൂമിയെ വേര്‍പെടുത്തി, അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോട് അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആരും ചോദിച്ചില്ല,” പുടിന്‍ പറഞ്ഞു.
ഉക്രൈന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ മാത്രമായി മാറിയെന്നും, ഉക്രൈന് നാറ്റോയില്‍ അംഗത്വം നല്‍കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഉക്രൈനില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവിടെ സ്വതന്ത്ര ജുഡീഷ്യറി ഇല്ലെന്നും ആണവായുധങ്ങളുടെ കാര്യത്തില്‍ മുന്നേറുന്ന ഉക്രൈന്‍, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും വ്ളാഡിമിര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യ ഉക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള കടന്നുകയറ്റം തുടരുകയാണ്. ചെര്‍ണോബില്‍ അടക്കമുള്ള പ്രദേശങ്ങള്‍ റഷ്യയുടെ അധീനതയിലായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെര്‍ണോബിലില്‍ പയറ്റിയിരിക്കുന്നത്. ചെര്‍ണോബില്‍ ആണവനിലയത്തില്‍ ആക്രമണം നടത്തിയാല്‍ അതിന്റെ വരും വരായ്കകള്‍ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
അതേസയം, ഉക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താന്‍ ആക്രമണം നടത്തിയതെന്നായിരുന്നു പുടിന്‍ വ്യക്തമാക്കിയത്.
റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight Ukraine’s ‘Hitler patting Putin’ post divides twitterati