തിരുവനന്തപുരം: യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഉക്രൈനില്‍ ഉണ്ടെന്നും അവരെ തിരികെ കൊണ്ട് വരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുക്രൈന്‍ യുദ്ധത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളുമായി കീവിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയിട്ടുണ്ട്.
റഷ്യ ലക്ഷ്യമിട്ട നഗരങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട നഗരമാണ് കീവ്. കീവിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍, കീവിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ, താല്‍ക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം.
യുക്രൈനിലെ നിലവിലെ സാഹചര്യം തീര്‍ത്തും ആശങ്കയുണ്ടാക്കുന്നതാണെന്നും ഭയപ്പെടാതെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്നുമാണ് ഇന്ത്യന്‍ പൗരന്‍മാരോടായി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
വീടുകള്‍, ഹോസ്റ്റലുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങി നിങ്ങള്‍ ഇപ്പോള്‍ എവിടെയോ അവിടെ തന്നെ സുരക്ഷിതരായി തുടരണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെടുന്നു.
ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദ്യാര്‍ഥികളടക്കം 242 പേര്‍ കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. യുക്രൈനിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും യുക്രൈനില്‍ പഠനം നടത്തുന്നത്. മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍വീസുകള്‍ സാധ്യമാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
യുക്രൈനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം 24*7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തനക്ഷമമാണെന്നും മന്ത്രാലയം അറിയിച്ചു.
യുക്രൈനില്‍ നിലവില്‍ 18000 ത്തോളം ഇന്ത്യക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
അതേസമയം മലയാളികള്‍ ഉള്‍പ്പെടെ ഭൂഗര്‍ഭ മെട്രോയിലേക്ക് മാറിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഖര്‍ഖീസ് സര്‍വകലാശയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.
ഒഡെസ, ഖാര്‍കിവ്, ക്രാമാറ്റോര്‍സ്‌ക്, മാരിയുപോള്‍ തുടങ്ങിയ ഉക്രൈനിലെ മറ്റ് ഭാഗങ്ങളില്‍ അതിരാവിലെ തന്നെ വ്യോമാക്രണങ്ങള്‍ നടന്നിരുന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു കീവിലേക്ക് ഇന്ത്യയുടെ വിമാനം എത്തിയിരുന്നെങ്കിലും വ്യോമപാത അടച്ചതിനാല്‍ ഇറങ്ങാനാവാതെ ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.
Content Highlight: Ukraine Russia war pinarayi vijayan comment