തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ വരെ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
national news
തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ വരെ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd February 2022, 3:32 pm

ദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന് സൂചന. പെട്രോളിന് 7 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്ക് പിന്നാലെയാണ് വില വര്‍ധനവ് ഉണ്ടാകുമെന്ന് കണക്കാക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നിരുന്നു. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 100 ഡോളറിനടുത്തെത്തി നില്‍ക്കുകയാണ്.

യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധസമാന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.

India needs to trim its overdependence on OPEC crude oil

ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിലും ഇന്ധന നില കുത്തനെ കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് രാജ്യത്ത് ഇന്ധന വില ഉയരാത്തതെന്നും, മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലയില്‍ കനത്ത വര്‍ധനവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആഗോള തലത്തില്‍ എണ്ണ ഉത്പാദനത്തിന്റെ പത്ത് ശതമാനവും റഷ്യയില്‍ നിന്നാണ്. അതിനാല്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നതില്‍ റഷ്യക്ക് ആഗോള തലത്തില്‍ ഉപരോധം ശക്തിപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ ലഭ്യതയും കുറയാനിടവരും.

ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 100 ഡോളറിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചതും യുദ്ധഭീതിയായിരുന്നു.

ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

ഇന്ത്യ റഷ്യയില്‍ നിന്ന് വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാങ്ങുന്നത്. എങ്കിലും ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് ലഭ്യത കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യുന്നത് ഇന്ത്യയ്ക്കും ഗുണകരമാകില്ല എന്നാണ് വിലയിരുത്തല്‍.

നൂറിലേറെ ദിവസമായി ഇന്ത്യയില്‍ എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ഉയര്‍ന്നാല്‍ അത് കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും കാരണമാകുമെന്നതിനാല്‍ റഷ്യ – ഉക്രൈന്‍ യുദ്ധസാഹചര്യം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നിലും ചോദ്യചിഹ്നമാവുകയാണ്.

 

Content Highlight: Ukraine-Russia conflict, Hike in Crude oil, will effect India too