ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചാല്‍ യുദ്ധം അവസാനിക്കും: സെലന്‍സ്‌കി
national news
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചാല്‍ യുദ്ധം അവസാനിക്കും: സെലന്‍സ്‌കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 11:48 am

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ പ്രധാന നിര്‍ദേശവുമായി ഉക്രൈന്‍ പ്രധാനമന്ത്രി വൊളോദ്മിര്‍ സെലന്‍സ്‌കി. റഷ്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി വെച്ചാല്‍ ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്ന് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം തുടര്‍ന്നിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ആകെ ഇറക്കുമതിയുടെ ഒരു ശതമാനമായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ നിലവില്‍ ഇത് ആകെ ഇറക്കുമതിയുടെ 40% ആയി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ പ്രസ്താവന.

‘റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സാമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ഏറെ ആശങ്കപ്പെടുന്ന വ്യക്തിയാണ്. എന്നാല്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം എണ്ണയുടെ കയറ്റുമതി ആണ്.

അതല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ല പിടിച്ച് നില്‍ക്കാന്‍. അതിനാല്‍ റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് വഴി പല രാജ്യങ്ങളും അവരെ സഹായിക്കുകയാണ്,’ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴച്ചയ്ക്ക് ശേഷം സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്ത് എണ്ണ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ഇന്ത്യ, ജൂലൈയില്‍ മാത്രം റഷ്യയില്‍ നിന്ന് 2.8 ബില്യണ്‍ യുഎസ് ഡോളറിന്റെ ക്രൂഡ് ഓയില്‍ വാങ്ങിയിട്ടുണ്ട്. ലോകത്ത് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സി.ആര്‍.ഇ.എ) ന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉക്രൈന്‍ സന്ദര്‍ശനം റഷ്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി ജോണ്‍ കിര്‍ബി പ്രതികരിച്ചു. ഇന്ത്യ യു.എസിന്റെ എക്കാലത്തെയും മികച്ച പങ്കാളിയാണെന്ന് പറഞ്ഞ യു.എസ് വക്താവ് മോദിയുടെ കീവ് സന്ദര്‍ശനം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുടെ സമാധാനശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും പ്രതികരിച്ചു.

‘ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനശ്രമങ്ങള്‍ക്കായി മുന്നോട്ട് വരുന്ന ഏത് രാജ്യത്തേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇവിടെ സമാധാന ചര്‍ച്ച എന്നത് കൊണ്ട് യു.എസ് അര്‍ത്ഥമാക്കുന്നത് ഉക്രൈനുമായി ചര്‍ച്ച നടത്തി പ്രസിഡന്റ് വൊളോദ്മിര്‍ സെലന്‍സ്‌കിയുടേ പക്ഷത്ത് നിന്ന് കാര്യങ്ങള്‍ നോക്കികാണുക എന്നതാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ ശക്തനായ പങ്കാളിയാണ്. അദ്ദേഹം കീവ് സന്ദര്‍ശിക്കുകയും സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ കിര്‍ബി പറഞ്ഞു.

അതേസമയം ഇന്ത്യ ഒരിക്കലും നിഷ്പക്ഷരായിരുന്നില്ലെന്നും എപ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നെന്നും സമാധാന ചര്‍ച്ചകള്‍ക്ക്‌ പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

1992ല്‍ സോവിയേറ്റ് യൂണിയനില്‍ നിന്ന് വിഭജിച്ച് ഉക്രൈന്‍ സ്വതന്ത്ര രാജ്യമായതിന് ശേഷം ഉക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Content Highlight: Ukraine President Zelensky says War will end if world countries including India stop importing oil from Russia