| Saturday, 26th February 2022, 6:52 pm

നരേന്ദ്ര മോദിയുമായി സംസാരിച്ച് ഉക്രൈന്‍ പ്രസിഡന്റ്; നീക്കം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ട്വിറ്ററിലൂടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.

മോദിയുമായി സംസാരിച്ചെന്നും ഉക്രൈന് രാഷ്ട്രീയപരമായി പിന്തുണ നല്‍കണമെന്ന് മോദിയോടും ആവശ്യപ്പെട്ടെന്നും സെലന്‌സ്‌കി ട്വീറ്റില്‍ പറഞ്ഞു.

”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യയുടെ ആക്രമണങ്ങളെ ഉക്രൈന്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു.

അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടത്തെ കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്‌ഫോടനങ്ങള്‍ നടത്തുകയാണ്.

ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ രാഷ്ട്രീയപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ ശക്തികളെ, അക്രമകാരികളെ ഒരുമിച്ച് ചെറുക്കാം,” സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

എന്നാല്‍ ഉക്രൈന്‍-റഷ്യ വിഷയത്തില്‍ ഒരു ചേരിയിലും ചേരാത്ത നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഇന്ത്യ പറയുന്നത്.

നേരത്തെ റഷ്യക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന ‘ഉക്രൈന്‍ പ്രമേയ’ത്തെയും ഇന്ത്യ അനുകൂലിച്ചിരുന്നില്ല. ഉക്രൈനില്‍ നിന്നും സൈനിക പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിക്കാതിരുന്നത്. യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്.

വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നാണ് ഇന്ത്യ ഉക്രൈന് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നത്. റഷ്യയെ പിണക്കേണ്ട എന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയ്ക്ക് പുറമെ ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു.


Content Highlight: Ukraine president Volodymyr Zelenskyy talked with Narendra Modi

We use cookies to give you the best possible experience. Learn more