| Tuesday, 22nd March 2022, 8:44 am

നാറ്റോക്ക് റഷ്യയെ പേടിയാണെങ്കില്‍ അതങ്ങ് തുറന്ന് സമ്മതിച്ചേക്കണം; നീരസം വ്യക്തമാക്കി സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: റഷ്യ- ഉക്രൈന്‍ സംഘര്‍ഷ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള നാറ്റോ അംഗങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതിലുള്ള നീരസം കൂടുതല്‍ പ്രകടമാക്കി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം സെലന്‍സ്‌കി പ്രതികരിച്ചത്.

”ഒന്നുകില്‍ ഞങ്ങളെ (ഉക്രൈന്‍) അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,” സെലന്‍സ്‌കി പറഞ്ഞതായി ഉക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ഉക്രൈന് വേണ്ട സെക്യൂരിറ്റി നല്‍കാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

”ഇതിന് ശേഷം ഞങ്ങള്‍ പറയാം, നാറ്റോയില്‍ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സെക്യൂരിറ്റി ഗ്യാരണ്ടി തരാം, എന്ന്. അവിടെയാണ് കോംപ്രമൈസ്. അവിടെയാണ് യുദ്ധത്തിന്റെ അവസാനം,” സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

നാറ്റോയില്‍ അംഗമാവാനുള്ള ഉക്രൈനിന്റെ നീക്കങ്ങളാണ് റഷ്യ ആക്രമണത്തിന് മുതിര്‍ന്നതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റഷ്യ ആക്രമണം തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘ഉക്രൈന്‍ നാറ്റോയില്‍ ചേരില്ല’ എന്ന തരത്തില്‍ സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.

”നാറ്റോയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നേരത്തെ തന്നെ, ഉക്രൈനിനെ സ്വീകരിക്കാന്‍ നാറ്റോ ഇതുവരെ തയാറായിട്ടില്ല എന്ന് മനസിലാക്കിയ ശേഷം, ഞാന്‍ സമാധാനം നല്‍കിയിട്ടുള്ളതാണ്.

വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഒരു ഏട്ടുമുട്ടലിനെയും നാറ്റോ സഖ്യത്തിന് ഭയമാണ്,” എന്ന് നേരത്തെ സെലന്‍സ്‌കി പറഞ്ഞിരുന്നു.


Content Highlight: Ukraine President Volodymyr Zelenskyy takes dig at NATO, Say openly you’re scared of Russia

We use cookies to give you the best possible experience. Learn more