| Sunday, 24th April 2022, 7:55 am

ഉക്രൈന്‍ അധിനിവേശം ഒരു തുടക്കം മാത്രം; റഷ്യ മറ്റ് രാജ്യങ്ങളെയും നോട്ടമിടുന്നു; മുന്നറിയിപ്പ് നല്‍കി സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന് പിന്നാലെ റഷ്യ മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സെലന്‍സ്‌കി ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഉക്രൈന് പിന്നാലെ അധിനിവേശം ചെയ്ത് കീഴടക്കാനായി മറ്റ് രാജ്യങ്ങളെയും റഷ്യ നോട്ടമിടുന്നുണ്ട്, എന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഒരു തുടക്കം മാത്രമാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

”മരണത്തിന് മേല്‍ ജീവിതത്തിന്റെ വിജയത്തില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും ഞങ്ങള്‍ക്കൊപ്പം പോരാടണം. അവര്‍ ഞങ്ങളെ സഹായിക്കണം.

കാരണം ഞങ്ങള്‍ ഒന്നാമത്തെ നിരയിലാണ്. ആരായിരിക്കും അടുത്തത്?,” സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വടക്കന്‍ ഉക്രൈനിന്റെ സമ്പൂര്‍ണ അധികാരം തങ്ങള്‍ക്ക് വേണം, എന്ന് റഷ്യന്‍ മിലിറ്ററി ജനറല്‍ റസ്തം മിനെകയേവ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

അതേസമയം, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൊവ്വാഴ്ച മോസ്‌കോ സന്ദര്‍ശിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിന് ശേഷം ഉക്രൈന്‍ തലസ്ഥാനമായ കീവിലെത്തി സെലന്‍സ്‌കിയുമായും ഗുട്ടറസ് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 24നായിരുന്നു ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചത്.

Content Highlight: Ukraine president Volodymyr Zelensky warns Russia is eyeing on other countries to conquer after Ukraine

We use cookies to give you the best possible experience. Learn more